വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യം.. അധ്യാപകർക്ക് പുതിയ പരിശീലനവും പുനരധിവിന്യാസവും പരിഗണനയിൽ….



കൊച്ചി: സംസ്ഥാനത്തെ വിദ്യാരത്‌ന അവാർഡ് വിതരണ ചടങ്ങിൽ സ്വന്തം അധ്യാപകരെ സ്മരിച്ചും, അധ്യാപക സമൂഹം നേരിടുന്ന പുത്തൻ വെല്ലുവിളികൾ ഓർമ്മിപ്പിച്ചും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ നാട്ടിലെ ഏറ്റവും ഉദാത്തമായ ജോലി അധ്യാപകരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മിനിറ്റിലും പുതിയ പുതിയ അറിവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, അറിവുകൾ നിരന്തരം പുതുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ അധ്യാപക ജോലി ഇക്കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും പുതിയ കാലത്തിനനുസരിച്ച് കുട്ടികളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.


ലഹരി മാഫിയകൾ സമൂഹത്തിൽ പിടിമുറുക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികളെ വഴിതെറ്റിക്കുന്ന ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ വിദ്യാലയങ്ങൾ ജാഗ്രത പാലിക്കണം. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് കാലോചിതമായ പുനരധിവിന്യാസവും പുതിയ പരിശീലനങ്ങളും നൽകേണ്ടതുണ്ട്. ഇക്കാര്യം സർക്കാർ വളരെ ഗൗരവമായിത്തന്നെ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മികച്ച അധ്യാപകർക്കുള്ള വിദ്യാരത്‌ന അവാർഡുകൾ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി വിതരണം ചെയ്തു. കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഹൈബി ഈഡൻ എം.പി തുടങ്ങി രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു

أحدث أقدم