
തിരുവനന്തപുരം: തിരുവനന്തപുരത്ത് അധ്യാപികയുടെ ക്രൂരമായ മർദ്ദനത്തിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കൈവിരലിന് ഗുരുതരമായി പരിക്കേറ്റു. കടയ്ക്കാവൂർ കവലയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിക്കാണ് സ്കൂളിൽ വെച്ച് മർദ്ദനമേറ്റത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ റിനിയാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതി. ക്ലാസ്സിൽ വേഗത്തിൽ എഴുതിയില്ലെന്ന് ആരോപിച്ചായിരുന്നു അധ്യാപികയുടെ ഈ ക്രൂരത.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയുടെ നെഞ്ചുലയ്ക്കുന്ന സംഭവം നടന്നത്. ക്ലാസ്സിൽ വെച്ച് അധ്യാപിക മർദ്ദിച്ച വിവരം ഭയം കാരണം കുട്ടി ആദ്യം വീട്ടിൽ പറഞ്ഞിരുന്നില്ല. എന്നാൽ പിറ്റേന്ന് കുട്ടിയുടെ വലതു കൈവിരലിൽ വലിയ രീതിയിൽ നീര് വന്നത് കണ്ട് രക്ഷിതാക്കൾ നിർബന്ധിച്ച് ചോദിച്ചപ്പോഴാണ് അധ്യാപിക മർദ്ദിച്ച വിവരം കുട്ടി തുറന്നുപറയുന്നത്. മർദ്ദനത്തിൽ കുട്ടിയുടെ വലതുകൈ വിരലിലെ ലിഗമെന്റിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. നിലവിൽ കുട്ടിയുടെ കയ്യിൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്. കൂടാതെ മർദ്ദനമേറ്റ ദിവസം രാത്രി കുട്ടി ഭയന്ന് കടുത്ത പനി ബാധിച്ച അവസ്ഥയിലായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു.
സംഭവത്തിൽ കടയ്ക്കാവൂർ പോലീസിലും സാമൂഹ്യ ക്ഷേമ വകുപ്പിലും കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും വളരെ നിരുത്തരവാദപരമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. കുട്ടികൾ ക്ലാസ്സിൽ സംസാരിച്ചപ്പോൾ അധ്യാപിക എല്ലാ കുട്ടികളെയും അടിച്ചിരുന്നുവെന്നും, അങ്ങനെ കൂട്ടത്തിൽ ഈ കുട്ടിക്കും അടി കിട്ടിയതാകാമെന്നുമാണ് സ്കൂളിന്റെ വിശദീകരണം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായതിനാൽ ഒരു ചെറിയ ശിക്ഷാ നടപടി മാത്രമാണ് സ്വീകരിച്ചതെന്നും സ്കൂൾ അധികൃതർ ന്യായീകരിക്കുന്നു. എന്നാൽ ഒരു കുട്ടിയോടും സ്കൂളുകളിൽ ഇത്തരമൊരു ക്രൂരത കാണിക്കാൻ അനുവദിക്കില്ലെന്നും, തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.