ബാറിൽ മദ്യം നൽകാത്തതിന് പിറ്റേദിവസം വന്ന് യുവാക്കളുടെ പ്രതികാരം….


കൊല്ലം ഓച്ചിറയിലെ ബാറിൽ യുവാക്കളുടെ അതിക്രമം. യുവാക്കളുടെ സംഘം ബാർ അടിച്ചു തകർക്കുകയും മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. തലേദിവസം മദ്യം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിന് കാരണം. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് ഓച്ചിറയിലെ റീജൻസി ബാറിൽ താണ്ഡവമാടിയത്. പ്രതികൾക്കായി ഓച്ചിറ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തലേദിവസം രാത്രി ബാർ അടയ്ക്കുന്ന സമയത്ത് ഇവിടെയെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാർ അടയ്ക്കുന്ന സമയമായതിനാൽ മദ്യം നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചു. ഇതോടെ ജീവനക്കാരും യുവാക്കളും തമ്മിൽ കടുത്ത തർക്കമുണ്ടായി. തുടർന്ന് വിവരമറിഞ്ഞ് പോലീസ് എത്തി പ്രശ്നം പരിഹരിച്ചാണ് യുവാക്കളെ മടക്കി അയച്ചത്. എന്നാൽ ഇതിന്റെ വൈരാഗ്യത്തിൽ പിറ്റേദിവസം വൈകിട്ടോടെ ഇതേ സംഘം വീണ്ടും ബാറിലേക്ക് എത്തുകയായിരുന്നു. ജീവനക്കാരുമായി വീണ്ടും തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ യുവാക്കളുടെ സംഘം ബാർ അടിച്ചു തകർക്കുകയായിരുന്നു.

അക്രമി സംഘം മദ്യക്കുപ്പികൾ എറിഞ്ഞു പൊട്ടിക്കുന്നതും കസേരകൾ എടുത്ത് അടിച്ചു തകർക്കുന്നതും ബാറിലെ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അക്രമത്തിനിടെ ബാർ ജീവനക്കാരെ സംഘം ക്രൂരമായി മർദ്ദിച്ചതായും പരാതിയുണ്ട്. ബാറുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികൾക്കായി മലപ്പുറം രജിസ്ട്രേഷനിലുള്ള കാർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

أحدث أقدم