പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങളെ തുടർന്ന് ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്കിൽ ഗതാഗതം തടസ്സപ്പെട്ടത് ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയായിരുന്നു. രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ ഏകദേശം 90 ശതമാനവും എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഈ കടലിടുക്കിനെ ആശ്രയിച്ചാണ് എത്തുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളർ വരെ ഉയർന്നെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിതരണത്തിൽ കാര്യമായ തടസ്സം ഉണ്ടാകാതെ പ്രതിസന്ധിയെ ഇന്ത്യ അതിജീവിച്ചു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഊർജമേഖലയിൽ നടത്തിയ അടിസ്ഥാനസൗകര്യ വികസനങ്ങളാണ് ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് നിർണായക പിന്തുണയായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. എൽപിജി ഇറക്കുമതി ടെർമിനലുകളുടെ എണ്ണം 11ൽ നിന്ന് 22 ആയും പൈപ്പ്‌ലൈൻ ശൃംഖല 6,242 കിലോമീറ്ററായി വികസിപ്പിച്ചതും രാജ്യത്തെ വിതരണശേഷി ഗണ്യമായി ഉയർത്തി.
ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 27ൽ നിന്ന് 41 ആയി വർധിപ്പിച്ചതോടെ ഗൾഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന സാഹചര്യം കുറയ്ക്കാനായി. 5.33 ദശലക്ഷം ടൺ ശേഷിയുള്ള തന്ത്രപ്രധാന പെട്രോളിയം ശേഖരവും നഗര ഗ്യാസ് വിതരണ ശൃംഖലയുടെ വികസനവും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഇതിനിടെ, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ഇറാൻ ഭരണകൂടവും തമ്മിലുള്ള തുടർച്ചയായ ചർച്ചകളുടെ ഫലമായി അധിക ട്രാൻസിറ്റ് ചാർജുകളോ നികുതികളോ ഇല്ലാതെ ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് വഴിയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ കഴിഞ്ഞു.
ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചതോടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി. അതേസമയം, ഇറക്കുമതി ചെലവ് 1,600 രൂപയ്ക്ക് മുകളിലെത്തിയിരുന്ന എൽപിജി സിലിണ്ടർ 942 രൂപ നിരക്കിൽ ലഭ്യമാക്കാൻ സർക്കാർ വൻ സബ്സിഡിയും നൽകി.
നിലവിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതോടെ ഇന്ധന വിതരണവും പൂർണമായും സ്ഥിരത കൈവരിച്ചു. റഷ്യ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ബദൽ മാർഗങ്ങളിലൂടെ ക്രൂഡ് ഓയിൽ എത്തിച്ചതും പ്രതിസന്ധി മറികടക്കാൻ സഹായകമായി.
പ്രതിസന്ധിക്കിടയിലും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം 728 ബില്യൺ ഡോളറിന് മുകളിലായി നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. ആഗോളതലത്തിൽ ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിലും വിലക്കയറ്റം താരതമ്യേന നിയന്ത്രിച്ച പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.