ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടോർട്ട് നിയമപ്രകാരം നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും, പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരന്റെയും അടിസ്ഥാന അവകാശമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശിക്ക് 10,000 രൂപ നഷ്ടപരിഹാരവും ആറു ശതമാനം പലിശയും നൽകണമെന്ന കീഴ്ക്കോടതി വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, പഞ്ചായത്തിൽ തെരുവുനായ ശല്യം ഇല്ലെന്നും സംഭവം പഞ്ചായത്തിന്റെ പരിധിക്ക് പുറത്താണ് നടന്നതെന്നുമായിരുന്നു എരുവേശ്ശി പഞ്ചായത്തിന്റെ വാദം. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ഈ വിധി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമായ സുപ്രധാന നിയമനിർദേശമായി വിലയിരുത്തപ്പെടുന്നു.