പാർട്ടിയിലെ അഭിപ്രായ ഭിന്നതകളിൽ നിലപാട് കടുപ്പിച്ച് സിപിഐഎം ദേശീയ നേതൃത്വം. നേതാക്കളും അണികളും അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് യാതൊരുവിധ പോറലും ഏൽക്കാതെ നോക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. പാർട്ടിയിലെ കൂട്ടായ്മ മുറുകെ പിടിക്കാൻ എല്ലാവർക്കും കഴിയണമെന്നും നേതാക്കളുടെ പ്രതികരണങ്ങൾ പ്രസ്ഥാനത്തിന് ദോഷകരമായി ബാധിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടി കേരളത്തിൽ തിരിച്ചടി നേരിടുകയും രാജ്യത്താകെ വലിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സന്ദർഭമാണിതെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ എല്ലാ തലങ്ങളിലുമുള്ള സഖാക്കൾ പൊതുവിൽ പറയുന്ന അഭിപ്രായങ്ങൾ പാർട്ടി കൂട്ടായ്മയെ ശക്തിപ്പെടുത്തുന്നതായിരിക്കണം. പാർട്ടിയിൽപ്പെട്ടവർ പറയുന്നതൊന്നും പ്രസ്ഥാനത്തിന് ദോഷമാകുന്ന രീതിയിൽ ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിൽ സിപിഐഎമ്മിന് പലയിടങ്ങളിലും ഐക്യം നഷ്ടമായെന്ന കടുത്ത വിമർശനം കേന്ദ്രകമ്മിറ്റിയിലും ഉയർന്നു. ചില നേതാക്കളുടെ പെരുമാറ്റം പാർട്ടിയെ ഒന്നാകെ ദോഷകരമായി ബാധിച്ചു എന്നാണ് കമ്മിറ്റിയിൽ ഉയർന്ന വിമർശനം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരോക്ഷ വിമർശനവും യോഗത്തിലുണ്ടായി. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്മേൽ സംസാരിച്ച നേതാക്കളും സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. ചില നേതാക്കളുടെ പെരുമാറ്റ ശൈലി പാർട്ടിയെ ഒന്നാകെ ബാധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ തിരുത്തൽ അനിവാര്യമാണെന്നും നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.