ആ ഇടിമുറി കണ്ട് പൊലീസ് അമ്പരന്നു…കിളിമാനൂരിൽ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികള്‍ക്കായി തെരച്ചില്‍…


തിരുവനന്തപുരം: കിളിമാനൂരില്‍ അച്ഛനെയും മകനെയും സിനിമസ്റ്റൈലില്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി ആക്രമിച്ചു. മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിലെ വിരോധം മൂലമാണ് അഞ്ച് അംഗ സംഘം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ശബ്ദം പുറത്ത് കേൾക്കാൻ കഴിയാത്ത മുറിയില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ഇരുവരെയും ആക്രമിച്ച സംഘം, സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ വച്ച് കെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.


ചെറുന്നിയൂർ സ്വദേശിയായ അനില്‍ കുമാറിനെ ജോലിയുണ്ടെന്ന് പറഞ്ഞ് ആസൂത്രിതമായാണ് പ്രതികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. മുൻപ് ഇവിടെ തന്നെ ജോലിക്ക് വിളിച്ചിരുന്നതിനാല്‍ അനില്‍കുമാറിന് സംശയം തോന്നിയിരുന്നില്ല. എന്നാല്‍ നഗൂരിരിലെ ഒഴിഞ്ഞ സ്ഥലത്ത് നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടിലെത്തിച്ച് പ്രതികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ സംഘം ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച് ചങ്ങലകൊണ്ട് അനില്‍കുമാറിനെ തൂണില്‍ ബന്ധിച്ചു. ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാൻ ഗ്ലാസ് കൊണ്ട് പ്രത്യേകം നിര്‍മിച്ച മുറിയില്‍ നിരീക്ഷണ ക്യാമറ അടക്കം സജ്ജീകരിച്ച് തടവില്‍ ആക്കിയാണ് ആക്രമിച്ചത്

അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തിരുന്ന പ്രതികള്‍ തന്നെയാണ് മുറി ഇത്തരത്തില്‍ നിര്‍മിച്ചതെന്നാണ് പൊലീസ് നിഗമനം. അനില്‍ കുമാറിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെയും വിളിച്ചു വരുത്തി സംഘം സമാനമായ രീതിയില്‍ മർദ്ദിച്ചു. അച്ചുവിൻ്റെ വിരലുകള്‍ പ്ലെയർ ഉപയോഗിച്ച് ഒടിക്കാനും ശ്രമം നടത്തി. മകൻ അച്ചുവിനെ വീട്ടിലെത്തിച്ച് അമ്മയെയും സഹോദരിയേയും തട്ടിക്കൊണ്ട് പോകാനും പ്രതികള്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി പ്രതികളുടെ അകമ്പടിയോടെ വീട്ടിലേക്ക് പോകുന്നതിനിടെ അച്ചു രക്ഷപ്പെടുകയും വീട്ടില്‍ വിവരം പറയുകയായിരുന്നു. കുടുംബം ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് വഴി ഇക്കാര്യം വർക്കല പൊലീസിനെ വിവരം അറിയിച്ചു.

Previous Post Next Post