ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല, പ്രസ്താവന വളച്ചൊടിച്ചു…. പൊതിച്ചോറ് വിതരണത്തിൽ ജി സുധാകരൻ


ആലപ്പുഴ: മെഡിക്കൽ കോളേജുകളിലടക്കം സർക്കാർ ആശുപത്രികളിൽ നടത്തുന്ന പൊതിച്ചോർ വിതരണത്തെ പരിഹസിച്ചെന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി ജി സുധാകരൻ എംഎൽഎ. മെഡിക്കൽ കോളജുകളിലെ സൗജന്യ ഭക്ഷണ വിതരണത്തിനെതിരെ താൻ സംസാരിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണം മെഡിക്കൽ കോളജുകൾക്ക് പുറത്തും കൊടുക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും, ഭക്ഷണം കൊടുക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നുമാണ് ജി സുധാകരന്റെ പുതിയ വിശദീകരണം. മെഡിക്കൽ കോളജുകളിലെ ഭക്ഷണ വിതരണം തടയണമെന്നും ഭക്ഷണ വിതരണം നടത്തേണ്ടത് സർക്കാരാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജി സുധാകരൻ പ്രസ്താവിച്ചിരുന്നത്.

വിവാദങ്ങൾക്കിടെ എച്ച് സലാമിനെതിരെയും ജി സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകവേ, പണം പിരിച്ചു നൽകിയത് എച്ച് സലാമിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റിക്കാണെന്ന് സുധാകരൻ വ്യക്തമാക്കി. പണം പിരിച്ച സ്രോതസ്സുകൾ വെളിപ്പെടുത്താനാവില്ലെന്നും സലാമിന് വിവരമില്ലെന്നും അദ്ദേഹം പരിഹസിച്ചു. പിരിച്ച പണം പാർട്ടിക്കല്ല, തിരഞ്ഞെടുപ്പ് കമ്മറ്റിക്കാണ് നൽകുന്നത്, അത് കൃത്യമായി കൊടുത്തിട്ടുമുണ്ട്. കേരള രാഷ്ട്രീയത്തിൽ സലാമിന് ഒരു സ്ഥാനവുമില്ലെന്നും പണ്ട് സലാം ജയിച്ചത് താൻ കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തുഅതേസമയം, പൊതിച്ചോർ വിതരണത്തെ വിമർശിച്ച ജി സുധാകരൻ എംഎൽഎക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനു സി പുളിക്കൽ രംഗത്തെത്തി. ഏറ്റവും കുറഞ്ഞത് ദിവസവും 2500 പൊതികളെങ്കിലും നൽകേണ്ട ഇടമാണ് ആലപ്പുഴ മെഡിക്കൽ കോളേജെന്നും, ഇത് സർക്കാർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു ദിവസവും മുടങ്ങാതെ പൊതിച്ചോറുകൾ നൽകുവാൻ സർക്കാരിന് കഴിയുമെന്ന് അങ്ങേയ്ക്കോ അങ്ങയുടെ പുതിയ ലാവണമായ ഐക്യ ജനാധിപത്യ മുന്നണിക്കോ പറയാൻ സാധിക്കുമോയെന്നും മനു സി പുളിക്കൽ ഫേസ്ബുക്കിൽ ചോദിച്ചു. ജി സുധാകരൻ മുൻപ് പൊതിച്ചോറ് വിതരണം ചെയ്യുന്ന ഫോട്ടോ സഹിതം പങ്കുവെച്ചായിരുന്നു സിപിഐഎം നേതാവിന്റെ ഈ ഫേസ്ബുക്ക് കുറിപ്പ്.

أحدث أقدم