പ്രതിപക്ഷ ഉപനേതൃസ്ഥാനം അടഞ്ഞ അധ്യായമല്ല; സി പി ഐക്ക് അർഹതയുണ്ടെന്ന്….

   

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് സി പി ഐക്ക് പൂർണ്ണമായ അർഹതയുണ്ടെന്ന് വ്യക്തമാക്കി പാർട്ടിയുടെ ജനറൽ സെക്രട്ടറി ഡി രാജ. ഈ വിഷയം ഒട്ടും അടഞ്ഞ അധ്യായമല്ലെന്നും ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും ഡി രാജ ഡൽഹിയിൽ പറഞ്ഞു. പദവി സംബന്ധിച്ച വിഷയം സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുമായി താൻ നേരിട്ട് സംസാരിച്ചിരുന്നുവെന്നും, കേരളത്തിലെ ഇരുപാർട്ടി നേതാക്കളും ചേർന്ന് ഇതിൽ അന്തിമ തീർപ്പിൽ എത്തട്ടെയെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്നും ഡി രാജ കൂട്ടിച്ചേർത്തു.

പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് സി പി ഐ എമ്മിനോട് ഇനി യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന കർശന നിലപാടിലാണ് സി പി ഐ. ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പിണറായി വിജയന് എതിരെ സി പി ഐ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ, സി പി ഐ ഉപനേതാവ് പദവി അടഞ്ഞ അദ്ധ്യായമാണെന്നും അവർ അത് ചോദിച്ചുകൊണ്ടേയിരിക്കുമെന്നുമായിരുന്നു പിണറായി വിജയൻ പ്രതികരിച്ചത്. എന്നാൽ പിണറായി വിജയന്റെ ഈ പരാമർശം തങ്ങളെ പൂർണ്ണമായും അപമാനിക്കുന്നതാണെന്നാണ് സി പി ഐ വിലയിരുത്തുന്നത്. പദവി തന്നില്ലെന്ന് മാത്രമല്ല, അതിനെക്കുറിച്ച് പറഞ്ഞ് നിരന്തരം പരിഹസിക്കുന്ന പിണറായി വിജയന്റെ രീതി ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ലെന്ന കടുത്ത നിലപാടിലാണ് സി പി ഐ നേതൃത്വം. വിഷയത്തിൽ പിണറായി വിജയന് എതിരെ കടുത്ത വിമർശനവുമായി സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ പരസ്യമായി രംഗത്തെത്തി. പദവി സി പി ഐ ചോദിച്ചുകൊണ്ടേയിരിക്കുമെന്ന പിണറായി വിജയന്റെ വ്യക്തിപരമായ നിലപാട് തന്നെയാണോ സി പി ഐ എം എന്ന പാർട്ടിക്കുമുള്ളതെന്ന് വ്യക്തമാക്കണമെന്ന് പി പി സുനീർ ആവശ്യപ്പെട്ടു.

أحدث أقدم