കോതമംഗലം: ഗൂഗിൾ മാപ്പ് നോക്കി മുന്നോട്ടുപോയ തടിലോറി പാടത്തേക്ക് മറിഞ്ഞു. സമീപത്തുണ്ടായിരുന്ന വൈദ്യുതപോസ്റ്റും തകർത്താണ് ലോറി മറിഞ്ഞത്. കോട്ടപ്പടിക്ക് സമീപം നാകഞ്ചേരിയിൽ വ്യാഴാഴ്‌ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് പ്ലൈവുഡ് ഫാക്ടറിയിലേക്ക് റബർ തടികളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് വഴികാട്ടിയതനുസരിച്ച് പ്രധാന റോഡിൽ നിന്നും മാറി കനാൽ ബണ്ട് റോഡിലൂടെയാണ് വാഹനം കടന്നുവന്നത്. പെരിയാർവാലി കനാലിന്റെ ബണ്ട് റോഡായ പനച്ചി നാകഞ്ചേരി റോഡിലൂടെ കടന്നുവരുമ്പോഴാണ് അപകടം ഉണ്ടായത്. കനാലിന്റെ ഭാഗത്തുള്ള ഗട്ടർ ഒഴിവാക്കി എതിർവശം ചേർന്ന് പോകുമ്പോഴാണ് വാഹനം ഒരു വശത്തേക്ക് ചെരിഞ്ഞത്. നിയന്ത്രണം നഷ്‌ടപ്പെട്ട് താഴ്‌ചയിലുള്ള പാടത്തേക്ക് ലോറി തെന്നിയിറങ്ങുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന വൈദ്യുതപോസ്റ്റും തകർത്താണ് വാഹനം താഴ്ചയിലേക്ക്
നിരങ്ങി ഇറങ്ങിയത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന ക്ലീനർ അപകട സമയത്ത് പുറത്തിറങ്ങി നിന്ന് ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഒടിഞ്ഞ പോസ്റ്റ് മാറ്റിയിടുന്ന ജോലികൾ ഉച്ചയോടെ പൂർത്തിയാക്കി. തടികൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽ എത്തിച്ചു. ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല