തിരുവനന്തപുരം ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും സംയോജിപ്പിച്ച് രൂപീകരിക്കുന്ന രണ്ടാം മെഡിക്കൽ കോളേജിന് ‘കെ. കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ്’ എന്ന് പേര് നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണായക മുന്നേറ്റമായാണ് പുതിയ മെഡിക്കൽ കോളേജിന്റെ രൂപീകരണത്തെ വിലയിരുത്തുന്നത്. നിലവിലുള്ള ആരോഗ്യസൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മെഡിക്കൽ വിദ്യാഭ്യാസവും ചികിത്സാ സേവനങ്ങളും കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യം.


അടുത്ത അധ്യയന വർഷം മുതൽ തന്നെ പ്രവേശനം ആരംഭിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) പദ്ധതികളുടെ അവലോകന യോഗത്തിലാണ് ഈ ആവശ്യം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.


100 എം.ബി.ബി.എസ്. സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരും തിരുവനന്തപുരം ജനറൽ ആശുപത്രിയിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ മെഡിക്കൽ കോളേജിനായി 150 കോടി രൂപയുടെ കേന്ദ്രസഹായം അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അനുകൂല പ്രതികരണമാണ് അറിയിച്ചത്. രാജ്യമൊട്ടാകെ 10,000 പുതിയ മെഡിക്കൽ സീറ്റുകൾ സൃഷ്ടിക്കുന്നതിനായി 15,000 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യവും ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു