ദുബായ് : നഗരത്തിലെ പ്രധാന
ഗതാഗത പാതയായ അൽ മെയ്ദാൻ സ്ട്രീറ്റ് വികസിപ്പിക്കുന്നതിനായി 116.1 കോടി ദിർഹത്തിന്റെ രണ്ടു കൂറ്റൻ കരാറുകൾക്ക് അനുമതി നൽകി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവയ്ക്ക് സമാന്തരമായി നിർമിക്കുന്ന ഈ റോഡ് വടക്ക്-തെക്ക് മേഖലകൾ തമ്മിലുള്ള യാത്രാശേഷി 18 ശതമാനം വർധിപ്പിക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ അൽ മനാമ സ്ട്രീറ്റ്, ദുബായ്-അൽ ഐൻ റോഡ് എന്നിവിടങ്ങളിൽ നിന്ന് ഉമ്മു സുഖീം സ്ട്രീറ്റിലേക്കുള്ള യാത്രാസമയം 30 മിനിറ്റിൽ നിന്ന് 10 മിനിറ്റായി ചുരുങ്ങും. 66 ശതമാനത്തിന്റെ കുറവാണ് യാത്രാസമയത്തിൽ ഉണ്ടാകാൻ പോകുന്നത്. 2028 അവസാനത്തോടെ പദ്ധതി പൂർണമായി കമ്മിഷൻ ചെയ്യും
ദുബായുടെ ദ്രുതഗതിയിലുള്ള നഗര-സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായി ഗതാഗത ഇൻഫ്രാസ്ട്രക്ചർ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ, ദുബായ് ഇക്കണോമിക് അജണ്ട ഡി33 എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പദ്ധതി വലിയ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതി പ്രധാനമായും രണ്ട് കരാറുകളിലായി നടപ്പിലാക്കും. ലത്തീഫ ബിന്ത് ഹംദാൻ സ്ട്രീറ്റ് സംഗമം മുതൽ ഉമ്മു സുഖീം സ്ട്രീറ്റ് വരെയുള്ള മേതാൻ സ്ട്രീറ്റിന്റെ ഭാഗവും ദുബായ് ഹിൽസ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെയുള്ള അൽ മറാബിയ സ്ട്രീറ്റിന്റെ ഭാഗവും ഉൾപ്പെടെ 14 കിലോമീറ്ററാണ് ഒന്നാം കരാർ വഴി വികസിപ്പിക്കുന്നത്. അൽ മറാബിയ - മെയ്ദാൻ സ്ട്രീറ്റ് ജങ്ഷനിൽ 1,600 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലങ്ങൾക്ക് ഇരുവശത്തേക്കുമായി മണിക്കൂറിൽ 14,400 വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ നാദ് അൽ ഹമർ സ്ട്രീറ്റിലേക്ക് 700 മീറ്റർ നീളമുള്ള പുതിയ
മേൽപ്പാലവും ഇതിന്റെ ഭാഗമായി വരും.
രണ്ടാം കരാർ പ്രകാരം ഫസ്‌റ്റ് അൽ ഖൈൽ സ്ട്രീറ്റ് മുതൽ അൽ ഖൈൽ റോഡ് വഴി മസ്കറ്റ് സ്ട്രീറ്റ് സംഗമം വരെയുള്ള ഭാഗമാണ് വികസിപ്പിക്കുന്നത്. അൽ ഖൈൽ റോഡിലെ ഉപരിതല വികസനത്തിന് പുറമേ, മേതാൻ മസ്കത്ത് സ്ട്രീറ്റ് സിഗ്നൽ ജങ്ഷൻ മാറ്റി 1,400 മീറ്റർ നീളമുള്ള മൾട്ടി ലെവൽ ഇന്റർചേഞ്ചും പാലങ്ങളും നിർമിക്കും. സൈക്ലിങ് ട്രാക്കുകളും സുരക്ഷിതമായ അണ്ടർപാസുകളും ഇതിൽ ഉൾപ്പെടുന്നു.