24 മണിക്കൂറിൽ 20 ലക്ഷം കാഴ്ചക്കാർ… വൈറൽ ‘കുട്ടി സഖാവ്’ അക്കൗണ്ട് പൂട്ടി മെറ്റ


കോട്ടയം: സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായ ‘കുട്ടി സഖാവ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയ അക്കൗണ്ടിലാണ് മെറ്റയുടെ നടപടി. വൈറൽ താരം മുഹമ്മദ് സിയാനാണ് ‘കുട്ടി സഖാവ്’ എന്ന പേരിലുള്ള അക്കൗണ്ടിൽ വീഡിയോകൾ ചെയ്തിരുന്നത്.

കുട്ടികളുടെയും മുതിർന്നവരുടെയും ഇടയിൽ ഒരുപോലെ ശ്രദ്ധ നേടിയ അക്കൗണ്ടിലെ രാഷ്ട്രീയ പരാമർശങ്ങളുള്ള വീഡിയോകൾ അതിവേഗമാണ് വൈറലായത്. ‘ഇതാണ് ഞങ്ങടെ പാർട്ടി ഓഫിസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്’ എന്ന തരത്തിലുള്ള കുട്ടിയുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നിരവധി പേർ കൗതുകത്തോടെയാണ് വീഡിയോകൾക്ക് കമന്റുകളിട്ടത്. അക്കൗണ്ടിന്റെ വീഡിയോകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് മെറ്റ അക്കൗണ്ട് പൂട്ടിയത്. മുഹമ്മദ് സിയാന്റെ അക്കൗണ്ട് തിരിച്ചുപിടിക്കാൻ മെറ്റയ്ക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അക്കൗണ്ട് പൂട്ടിയതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്.

അടുത്തിടെ രാഷ്ട്രീയബന്ധമുള്ള നിരവധി പോസ്റ്റുകൾ മെറ്റ വ്യാപകമായി നീക്കം ചെയ്തിരുന്നു. അതേസമയം, തന്നെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വൈറലായതിന് പിന്നാലെ അപ്രതീക്ഷിതമായി അക്കൗണ്ട് പൂട്ടിയതോടെ ‘കുട്ടി സഖാവ്’ വീണ്ടും സോഷ്യൽ മീഡിയ ചർച്ചയാകുകയാണ്.

أحدث أقدم