ബഹ്റൈനിലെ അൽ റാംലി ഹൗസിങ് മേഖലയിലുണ്ടായ തീപിടിത്തത്തിൽ 27കാരിയായ യുവതിയും മൂന്ന് മക്കളും മരിച്ചു. അഞ്ച്, മൂന്ന്, ഒരു വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്.ഇന്നലെ ബ്ലോക്ക് 714ലെ താമസകെട്ടിടത്തിൻ്റെ ഒന്നാം നിലയിലുള്ള ഫ്ലാറ്റ് നമ്പർ 14ലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിനിടെ അഞ്ച് വയസുകാരനെ നേരിയ ഹൃദയമിടിപ്പോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. തീപിടിത്തത്തിൻ്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവസമയത്ത് യുവതിയുടെ ഭർത്താവ് ഹസൻ അബ്ദുൾഅൽ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയും മൂന്ന് മക്കളും തീപിടിത്തത്തിൽ മരിച്ചതായി അദ്ദേഹം അറിഞ്ഞത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്