
കുവൈത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് നിർമ്മാണ-വിതരണ ശൃംഖല തകർത്ത് ആഭ്യന്തര മന്ത്രാലയം. മാരക ലഹരിഗുളികയായ ‘ലിറിക്ക’ വൻതോതിൽ നിർമ്മിച്ചിരുന്ന അത്യാധുനിക ഫാക്ടറിയാണ് പൊലീസ് കണ്ടെത്തിയത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിനും പരിശോധനകൾക്കും പിന്നാലെയാണ് വൻ ലഹരിവേട്ട. ഏകദേശം 150 ദശലക്ഷം കുവൈത്ത് ദിനാർ വിപണി മൂല്യമുള്ള ലഹരിമരുന്നും നിർമ്മാണ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് കുവൈത്ത് സ്വദേശികളും ജോർദാൻ, ഈജിപ്ത് പൗരന്മാരായ രണ്ട് പ്രവാസികളുമാണ് പിടിയിലായത്. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ലഹരി നിർമ്മാണ-വിതരണ ശൃംഖല പ്രവർത്തിച്ചിരുന്നത്. രണ്ട് കേന്ദ്രങ്ങൾ അസംസ്‌കൃത വസ്തുക്കളും തയ്യാറായ ഗുളികകളും സംഭരിക്കുന്നതിനായി ഉപയോഗിച്ചപ്പോൾ, മൂന്നാമത്തെ കേന്ദ്രം അത്യാധുനിക യന്ത്രസാമഗ്രികളുള്ള ലഹരിമരുന്ന് നിർമ്മാണ ഫാക്ടറിയാക്കി മാറ്റിയിരുന്നു.
പരിശോധനയിൽ ഏകദേശം അഞ്ച് ടൺ ലിറിക്ക നിർമ്മാണത്തിനുള്ള അസംസ്‌കൃത പൗഡറും വിതരണത്തിന് തയ്യാറാക്കിയ 40 ലക്ഷം ലിറിക്ക ഗുളികകളും പിടിച്ചെടുത്തു. ഗുളികകൾ നിർമ്മിക്കാനും കാപ്സ്യൂളുകളിൽ നിറയ്ക്കാനും പായ്ക്ക് ചെയ്യാനും ഉപയോഗിക്കുന്ന വൻതോതിലുള്ള യന്ത്രസാമഗ്രികളും കണ്ടെത്തി. അംഗീകൃത ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഉൽപ്പന്നങ്ങളോട് സാമ്യമുള്ള രീതിയിലായിരുന്നു ഗുളികകൾ പായ്ക്ക് ചെയ്തിരുന്നത്. യഥാർഥ മരുന്നാണെന്ന് തോന്നിപ്പിക്കുന്നതിനായി വ്യാവസായിക നിലവാരത്തിലുള്ള നിർമ്മാണ, പാക്കേജിങ് സംവിധാനങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നത്.