നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനൊപ്പം 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിബറ്റൻ മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തില്‍ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്താൻ സാധിച്ചു. പ്രളയത്തില്‍ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളില്‍ തടസ്സപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും രണ്‍ധീർ ജയ്സ്വാള്‍ വ്യക്തമാക്കി.