ക്രിക്കറ്റ് അക്കാദമിയിലെ 750 കിലോ ഭാരമുള്ള പിച്ച്‌ റോളര്‍ ശരീരത്തിലൂടെ കയറിയിറങ്ങി, 8 വയസ്സുകാരൻ മരിച്ചു.



 


പിച്ച്‌ റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിലെ ഐഎംടി മാനസറിലെ ഒരു ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിലാണ് സംഭവം.

ബിഹാർ സ്വദേശിയായ ആകാശ് കുമാർ എന്ന വിദ്യാർഥിയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടികള്‍ അബദ്ധത്തില്‍ പിച്ച്‌ റോളറിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. അക്കാദമിയില്‍ ആകാശും സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളും കളിച്ചുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. ഇതിനിടെ 750 കിലോയോളം ഭാരമുള്ള പിച്ച്‌ റോളറിന് മുകളിലേക്ക് കുട്ടികള്‍ കയറുകയും, അബദ്ധത്തില്‍ റോളറിന്റെ സ്വിച്ച്‌ ഓണാക്കുകയുമായിരുന്നു.



റോളർ മുന്നോട്ടും പിന്നോട്ടും ചലിച്ചതോടെ ആകാശ് റോളറിന് അടിയിലേക്ക് വീഴുകയും ചതഞ്ഞരയുകയുമായിരുന്നു. അപകടം കണ്ട ഭയന്ന മറ്റ് കുട്ടികള്‍ അവിടെനിന്ന് ഓടിപ്പോയി. സംഭവം നടന്ന് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വിവരം പുറത്തറിയുന്നത്. അക്കാദമിയിലെത്തിയ മറ്റ് കളിക്കാരാണ് കുട്ടിയുടെ മൃതദേഹം ഗ്രൗണ്ടില്‍ കിടക്കുന്നത് കണ്ട് പോലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചത്. ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടികളിലൊരാള്‍ അപകടത്തില്‍ സ്വിച്ച്‌ ഓണ്‍ ചെയ്തതോടെ റോളർ പ്രവർത്തിക്കാൻ തുടങ്ങിയെന്നും ആ സമയം റോളർ നിരീക്ഷിക്കാൻ സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും ഇതൊരു ദൗർഭാഗ്യകരമായ അപകടമാണെന്നും കുട്ടിയുടെ കുടുംബം അറിയിച്ചു

أحدث أقدم