കൊട്ടിയത്ത് കടയുടെ ഷട്ടർ തകർത്ത് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്തും കവർന്നു


        

കൊട്ടിയം ∙ നഗരമധ്യത്തിൽ കടയുടെ ഷട്ടർ പൂട്ട് തകർത്ത് ഒരു ലക്ഷം രൂപയും മൊബൈൽ ഫോണുകളും ബ്ലൂടൂത്തും കവർന്നു. സമീപത്തെ 2 കടകളിലും മോഷണ ശ്രമം നടത്തി. കൊട്ടിയം ജംക്‌ഷനിൽ മയ്യനാട് റോഡിൽ സ്ഥിതി ചെയ്യുന്ന ലുക്മാന്റെ ഉടമസ്ഥതയിലുള്ള എംഎകെ ബേക്കേഴ്സ് ആൻഡ് മൊബൈൽ ഫോൺ കടയിലാണ് വെള്ളി രാത്രി മോഷണം നടന്നത്. രാവിലെ കടയുടമ എത്തിയപ്പോഴാണ് ഷട്ടറിന്റെ ഒരു പൂട്ട് തകർത്ത നിലയിൽ കണ്ടത്.

പൂട്ട് തകർത്ത ശേഷമാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയത്. വെള്ളിയാഴ്ചത്തെ കടയിലെ വിറ്റുവരവു പൈസയും സാധനങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന പണവുമാണ് കൗണ്ടർ തകർത്ത് മോഷ്ടിച്ചത്. സമീപത്തെ കടയിലെ ക്യാമറയിൽ നിന്ന് മോഷണം നടത്തുന്നയാളുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. നീല ഷർട്ടും പാന്റും ധരിച്ച് കൈവശം ഒരു ബാഗുമായി വന്ന ആളാണ് മോഷ്ടാവ്.

Previous Post Next Post