
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും രേഖപ്പെടുത്തുക.
ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു പകരം ‘Government of Keralam’ എന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിത്തുടങ്ങും.
ഇതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഔദ്യോഗിക രേഖകൾ, മറ്റ് സംവിധാനങ്ങൾ, സൈൻബോർഡുകൾ എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പേരുമാറ്റം നടപ്പാക്കും. ഇംഗ്ലീഷ് ഭാഷയിൽ അടക്കം കേരള എന്നതിന് പകരം കേരളം എന്നായിരിക്കും ഉപയോഗിക്കുക.