സ്ത്രീകൾക്ക് ഏതു സമയത്തും നിർഭയമായി നടക്കാം’… കേരളത്തെ മാതൃകയാക്കുമെന്ന് മുഖ്യമന്ത്രി


        

തിരുവനന്തപുരം: സ്ത്രീകൾക്ക് ഏത് സമയത്തും നിർഭയമായി പുറത്തിറങ്ങി നടക്കാവുന്ന അന്തരീക്ഷം സൃഷ്ടിച്ച് കേരളത്തെ രാജ്യത്തിന് തന്നെ മാതൃകയാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച ‘റീസർജ് – സെയ്ഫ് വിമൺ, സെയ്ഫ് കേരള – ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ രാത്രികാല വനിതാ സംഗമം പാളയം കണ്ണിമേറ മാർക്കറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് തലസ്ഥാന നഗരിയിൽ സ്ത്രീകൾ ഒത്തുചേരുന്നത് സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും കൃത്യമായ പങ്കുവഹിക്കാനുണ്ടെന്ന സ്ത്രീകളുടെ പ്രഖ്യാപനമാണ് ഈ കൂട്ടായ്മയെന്നും അദ്ദേഹം പറഞ്ഞു. പുതുയുഗ കേരളം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ സംഭാവന നിസ്തുലമാണ്. അതിനായി സർക്കാരിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ എല്ലാ സ്ത്രീകളെയും സ്വയംപര്യാപ്തരാക്കുകയും ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ കണ്ടെത്തി വരുമാനം നേടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുകയാണ് പുതുയുഗ കേരളത്തിന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ തുടക്കമായി ഈ സംഗമം മാറട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും അവകാശങ്ങളും യാഥാർഥ്യമാക്കാനും സ്ത്രീകളെ അടുക്കളയിൽനിന്ന് പൊതുയിടങ്ങളിലേക്ക് എത്തിക്കാനും നിരന്തരമായ പോരാട്ടങ്ങൾ നടന്നിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. എല്ലാ അവകാശങ്ങളിലും മുൻപന്തിയിലുള്ള കേരളത്തിലും സ്ത്രീകൾക്ക് രാത്രികൾ പലപ്പോഴും അന്യമാണ്. രാത്രികളും സ്ത്രീകൾക്ക് കൂടിയുള്ളതാണെന്ന പ്രഖ്യാപനമാണ് പരിപാടിയിലൂടെ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 14 രാത്രി 9.30 മുതൽ ആഗസ്റ്റ് 15 പുലർച്ചെ ഒന്നു വരെയാണ് പാളയം കണ്ണിമേറ മാർക്കറ്റ് മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചത്. തെരുവുനടത്തം, സാംസ്‌കാരിക പരിപാടികൾ, ലൈവ് ആർട്ട്, ബൈക്ക്-സൈക്കിൾ റാലികൾ, സ്കേറ്റിംഗ്, കളരിപ്പയറ്റ്, വനിതാ പൊലീസിന്റെ സ്വയരക്ഷാ പരിശീലനം, സൂംബ സെഷൻ തുടങ്ങിയ വിവിധ പരിപാടികളും കൂട്ടായ്മയുടെ ഭാഗമായി നടന്നു. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ എ തുളസി, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർ ഷേർളി, വനിതാ ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ഡയറക്ടർ വി വിഘ്നേശ്വരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



أحدث أقدم