
തിരുവനന്തപുരം: വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദേശത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഴുവൻ വന്ദേമാതരം ആലപിക്കണമെന്നത് ഹീനമായ ചതിപ്രയോഗമാണെന്നും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും എം.എ. ബേബി ആരോപിച്ചു. ദേശീയഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ എല്ലാവരും ആലപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന്ദേമാതരത്തിലെ രണ്ട് ചരണങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരത്തെ വ്യക്തമാക്കിയത്. മറ്റ് വരികൾക്ക് വർഗീയ ചുവയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. വന്ദേമാതരം ഒരിക്കലും ദേശീയഗാനമായിരുന്നില്ലെന്നും അതിനെ അങ്ങനെ ആക്കി തീർക്കാൻ ശ്രമിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ചീഫ് സെക്രട്ടറി വന്ദേമാതരവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവ് ഗുരുതരമായ നടപടിയാണെന്നും ആർഎസ്എസിന്റെ പിൻഗാമിയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നടപടികൾ ഇനിയും ആവർത്തിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായും ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്. അതേസമയം, ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് കോൺഗ്രസിനുള്ളിലും പുറത്തും ചർച്ചയായിട്ടുണ്ട്. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇടപെട്ടെങ്കിലും മുഴുവൻ വരികളും ആലപിക്കുകയായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കേണ്ടതില്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനിടെയാണ് എഐസിസിയിലെ സംഭവം വിവാദമായത്. എന്നാൽ സംഭവം വിവാദമാക്കേണ്ടതില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് ആരും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.