
പാലാ നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി സ്വതന്ത്ര അംഗമായ മായാ രാഹുലിനെ തീരുമാനിച്ചു. മായയെ പിന്തുണക്കാൻ വിമത കോൺഗ്രസ് കൗൺസിലർമാരും എൽഡിഎഫ് കൗൺസിലർമാരും തീരുമാനിച്ചു. 26 കൗൺസിലർമാരിൽ 17 പേരുടെ പിന്തുണ മായ രാഹുലിന് ലഭിക്കും. ഈ മാസം 19നാണ് നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന ചരിത്രം കുറിച്ച ദിയ ബിനു പുളിക്കക്കണ്ടം എൽഡിഎഫ് അവിശ്വാസ പ്രമേയത്തെത്തുടർന്ന് പുറത്തായ സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കോൺഗ്രസിലെ നാല് കൗൺസിലർമാരുടെയും സ്വതന്ത്രയായ നഗരസഭ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിൻബലത്തിലാണ് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ചർച്ചയിൽ പങ്കെടുക്കരുത് എന്ന പാർട്ടി വിപ്പ് ലംഘിച്ചാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തത്