ഓണം അടുത്തു.. ഓണവിപണിയിൽ ഏത്തക്കായയ്ക്ക് തീപിടിച്ച വില




കോട്ടയം : ഓണമടുത്തതോടെ ഏത്തക്കായയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും ഏത്തക്കായയുടെ വില നൂറ് രൂപ കടക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വർഷം ഓണക്കാലത്ത് കർഷകരിൽനിന്ന് 35 രൂപയ്ക്ക് വാങ്ങിയിരുന്ന ഏത്തക്കായയ്ക്ക് ഇക്കുറി ചിപ്സ് നിർമാതാക്കൾ 65 മുതൽ 75 രൂപ വരെയാണ് നൽകുന്നത്.

തമിഴ്നാട്ടിൽ മഴയും വേനൽച്ചൂടും കാറ്റും കൃഷിയെ ബാധിച്ചതോടെ അവിടെനിന്നുള്ള ഏത്തക്കായയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാൽ ഇടുക്കി, വയനാട് ജില്ലകളിൽനിന്നും മറ്റ് ജില്ലകളിലേക്ക് കായ കാര്യമായി എത്തുന്നില്ല. മൂപ്പെത്തിയ ഏത്തക്കായയുടെ ക്ഷാമവും വിലക്കയറ്റത്തിന് കാരണമായി. ഒരാഴ്ച മുമ്പ് 45–50 രൂപയായിരുന്ന ഏത്തക്കായയ്ക്കും പഴത്തിനും ഇപ്പോൾ 80–85 രൂപയാണ് വില. കർഷകരിൽനിന്ന് മൊത്തവ്യാപാരികൾ നേരിട്ട് വാങ്ങുന്നത് 65–70 രൂപയ്ക്കാണ്. ഓണവിപണി ലക്ഷ്യമിട്ടാണ് ഭൂരിഭാഗം കർഷകരും ഇത്തവണ കൃഷിയിറക്കിയത്. കഴിഞ്ഞ വർഷം വിലയിടിഞ്ഞതിനെ തുടർന്ന് നിരവധി കർഷകർ ഏത്തവാഴ കൃഷി ഉപേക്ഷിച്ചതും ഇക്കുറി തിരിച്ചടിയായി. തോട്ടങ്ങളിൽ കായ ഉണ്ടെങ്കിലും പലതും മൂപ്പെത്തിയിട്ടില്ല. പൊതുവേ വിപണിയിലേക്കുള്ള വരവ് കുറഞ്ഞതിനാൽ എത്തുന്ന കായ മുഴുവൻ ചിപ്സ് നിർമാതാക്കൾ വാങ്ങുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. നാടൻ ഏത്തവാഴയ്ക്ക് ഒമ്പത് മാസവും തേനി നേന്ത്രൻ ഇനത്തിന് 11–12 മാസവുമാണ് വിളവെടുപ്പ് കാലം. ഒരു വാഴയ്ക്ക് ശരാശരി 200–250 രൂപ വരെ കൃഷിച്ചെലവ് വരും. ഒരു കുലയിൽനിന്ന് ശരാശരി 10–12 കിലോ കായ ലഭിക്കും. നാടൻ ഇനത്തിൽ സാധാരണയായി 9–10 കിലോ വരെ തൂക്കം ലഭിക്കുമെന്ന് കർഷകർ പറയുന്നു.


എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ഏത്തവാഴ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് കോതമംഗലം താലൂക്കിലെ കീരംപാറ പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഇത്തവണ ഒരുലക്ഷത്തോളം ഏത്തവാഴകൾ കൃഷി ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെ ഇവിടെ ഏത്തക്കായ സുലഭമായി ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം 40–50 ടൺ വരെ ഏത്തക്കായ വിറ്റ് 20 ലക്ഷം രൂപയോളം വരുമാനം നേടിയ കർഷകരുമുണ്ട്. എന്നാൽ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പല കർഷകരുടെയും ആയിരക്കണക്കിന് വാഴകൾ കാറ്റിലും വെള്ളം കയറിയും നശിച്ചു. പുന്നേക്കാട് പള്ളിമാലിൽ റെജി മത്തായി സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തും പത്തേക്കറിൽ കൃഷി ചെയ്ത രണ്ടായിരം ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുപോയി. ഇൻഷുറൻസ് ഉണ്ടായിരുന്നതിനാൽ നഷ്ടത്തിന്റെ തോത് കുറയ്ക്കാനായെന്ന് അദ്ദേഹം പറഞ്ഞു. പെലക്കുടി റിജോ ജോർജും പത്തേക്കറിലധികം സ്ഥലത്ത് ഏത്തവാഴ കൃഷി ചെയ്തിട്ടുണ്ട്.


أحدث أقدم