ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ അഴിമതി... പ്രശാന്തും അജികുമാറും…




തിരുവനന്തപുരം: ശബരിമലയിലേക്ക്  നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും എ. അജികുമാറും ബോധപൂർവം അഴിമതി നടത്തിയെന്ന് എഫ്.ഐ.ആർ. കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവും പ്രതിയാണ്. ക്രമക്കേടിന് മുരാരി ബാബു കൂട്ടുനിന്നതായും എഫ്.ഐ.ആറിൽ പറയുന്നു. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

കേസിൽ പിഎസ് പ്രശാന്ത്, എ. അജികുമാർ, മുരാരി ബാബു എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികൾ. വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ശബരിമലയിലേക്ക് നെയ്യ് വാങ്ങുന്നതിനായി മൂന്ന് കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. എന്നാൽ വ്യക്തമായ കാരണം രേഖപ്പെടുത്താതെ ഇവരെ ഒഴിവാക്കി ടെൻഡർ റദ്ദാക്കുകയായിരുന്നു. തുടർന്ന് ടെൻഡർ അപേക്ഷ പോലും സമർപ്പിക്കാത്ത മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചു. മിൽമയെ തിരഞ്ഞെടുക്കണമെന്ന് ശുപാർശ ചെയ്ത് മുരാരി ബാബു 2024 ഡിസംബർ 30ന് ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ യാതൊരു കാരണവും ചൂണ്ടിക്കാണിക്കാതെ ‘ടെൻഡർ റദ്ദാക്കുന്നു’ എന്ന് പ്രശാന്ത് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തി. മിൽമയിൽനിന്ന് നെയ്യ് വാങ്ങാനും അളവ് തീരുമാനിക്കാൻ എക്സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്താനും ഇതോടൊപ്പം അനുമതി നൽകി. ഈ കുറിപ്പിൽ പ്രശാന്തിനൊപ്പം ബോർഡ് അംഗം എ. അജികുമാറും ഒപ്പിട്ടിട്ടുണ്ട്. സാധാരണ മണ്ഡലകാലത്ത് അടുത്ത സീസണിലേക്കുള്ള ടെൻഡർ നടപടികൾ ആരംഭിക്കാറില്ലെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. മകരവിളക്കിന് ശേഷമുള്ള മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് സാധാരണയായി ടെൻഡറോ വിതരണ കരാറുകളോ ആരംഭിക്കുന്നത്. ലിറ്ററിന് 400 രൂപയിൽ താഴെ നിരക്ക് ക്വാട്ട് ചെയ്ത രണ്ട് സ്ഥാപനങ്ങളുടെ സാംപിളുകൾ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിജയിച്ചിരുന്നു. എന്നിട്ടും വ്യക്തമായ കാരണം രേഖപ്പെടുത്താതെ ടെൻഡർ റദ്ദാക്കി. പിന്നീട് ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയ്ക്ക് കരാർ നൽകുകയായിരുന്നു.

തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറീസ് ആണ് ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്തിരുന്നത്. എന്നാൽ ഈ കമ്പനിയെ ഒഴിവാക്കി ടെൻഡറിൽ അപേക്ഷ പോലും നൽകാത്ത മിൽമയെ തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവഴി ദേവസ്വം ബോർഡിന് 2.28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. മിൽമയുടെ നെയ്യ് ഉപയോഗിച്ചാൽ കുറച്ച് നെയ്യിൽ കൂടുതൽ അരവണ നിർമിക്കാമെന്നായിരുന്നു മുരാരി ബാബു മിൽമയെ തിരഞ്ഞെടുക്കാൻ ചൂണ്ടിക്കാട്ടിയ കാരണം. എന്നാൽ ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെന്നാണ് ദേവസ്വം ബോർഡ് വിജിലൻസിന്റെ കണ്ടെത്തൽ. ടെൻഡറിൽനിന്ന് ഒഴിവാക്കപ്പെട്ട കമ്പനികൾ പരാതിയുമായി രംഗത്തെത്താതിരുന്നതും അന്വേഷണപരിധിയിലുണ്ട്. ഇവരെ കരാറിൽനിന്ന് ഒഴിവാക്കാൻ പണം നൽകിയോ എന്നതടക്കമുള്ള കാര്യങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. ക്രമക്കേടിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കാൻ ദേവസ്വം വിജിലൻസിന്റെ അന്വേഷണം തുടരുകയാണ്.
أحدث أقدم