ആടിനെ പിടികൂടാൻ ഇറച്ചിക്കടയിൽ കയറിയ പെരുമ്പാമ്പിനെ മാലയായിട്ട് കഴുത്തിലണിഞ്ഞു, പിന്നെ...




ഉത്തർപ്രദേശിലെ ബരാബങ്കിയിൽ ഇറച്ചിക്കടയിലേക്ക് കൂറ്റൻ പെരുമ്പാമ്പ് ഇഴഞ്ഞുകയറി പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. എന്നാൽ ഇതിനെയല്ലാം കടത്തിവെട്ടി മദ്യലഹരിയിലായിരുന്ന ഒരു യുവാവിന്റെ സാഹസമാണ് എല്ലാവരെയും ഒരേപോലെ ഞെട്ടിച്ചത്. ആടിനെ പിടികൂടാൻ ഇറച്ചിക്കടയിൽ കയറിയ 15അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി ഇയാൾ കഴുത്തിലണിഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കടയിൽ കെട്ടിയിരുന്ന ആടുകൾക്ക് സമീപം കടയുടമയാണ് പാമ്പിനെ ആദ്യം കണ്ടത്. ഇയാൾ പാമ്പിനെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മദ്യപിച്ച് ലെക്കുകെട്ട സുരേഷ് എന്ന യുവാവ് കടയിലേക്ക് കയറിയത്. പാമ്പിനെ കണ്ടയുടനെ ഇയാൾ ഒരു ഭയവുമില്ലാതെ അതിനെ കൈകൊണ്ട് പിടികൂടി. ഇതോടെ പാമ്പ് രക്ഷപ്പെടാനായി സുരേഷിന്റെ കൈകളിൽ ചുറ്റിവരിയാൻ ആരംഭിച്ചു. എന്നാൽ ഇതൊന്നും ബാധിക്കാത്ത നിലയിലായിരുന്നു സുരേഷ്.      രണ്ടുതവണ പാമ്പ് സുരേഷിനെ കടിക്കുകയും ചെയ്തു. എന്നാൽ അതിന് വിഷമില്ലാത്തതിനാൽ ഇയാൾക്ക് ഒന്നും സംഭവിച്ചില്ല. പാമ്പിന്റെ നിയന്ത്രണം ലഭിച്ചതോടെ സുരേഷ് അതിനെയെടുത്ത് കഴുത്തിൽ മാലപോലെ അണിഞ്ഞു. പിന്നാലെ പാമ്പിനൊപ്പം കളിക്കുന്ന യുവാവിനെയാണ് നാട്ടുകാർ കണ്ടത്.

ഇതോടെ പ്രദേശത്ത് വലിയ ജനക്കൂട്ടം നിറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ കടയുടമയും സംഭവസ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. കുറച്ച് നേരം പാമ്പിനൊപ്പം ചെലവഴിച്ച ശേഷം സുരേഷ് അതിനെയൊരു കണ്ടെയ്‌നറിലാക്കി. തുടർന്ന് ഇയാൾ തന്നെ പാമ്പിനെ ഒരു ഓടയിലേക്ക് തുറന്നുവിടുകയും ചെയ്തു.

സ്വതന്ത്രമായതോടെ കഴുത്തുയർത്തി ഉയർന്ന് പൊങ്ങിയ പാമ്പ്, കുറച്ച് നിമിഷങ്ങൾ അങ്ങനെ തുടർന്ന ശേഷം പതിയെ ഇഴഞ്ഞ് പോയെന്ന് പ്രദേശവാസികൾ പറയുന്നു. എന്താണേലും സംഭവം നാട്ടിൽ ചർച്ച വിഷയം ആയിട്ടുണ്ട്.
أحدث أقدم