തൃശൂർ: മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമയുടെ വിവാദ പരാമർശം. മാള ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസാണ് സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവാദ സന്ദേശം പങ്കുവെച്ചത്.

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്നും രക്ഷിതാക്കൾ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും സന്ദേശത്തിൽ പറയുന്നു. ആഘോഷത്തിനായി വിവിധ റൂട്ടുകളിൽ സ്കൂൾ ബസ് ഏർപ്പെടുത്തിയിരുന്നെങ്കിലും പകുതിയിലേറെ രക്ഷിതാക്കൾ കുട്ടികളെ അയച്ചില്ലെന്നാണ് സ്കൂൾ ഉടമയുടെ ആരോപണം. ഇതിനെ തുടർന്നാണ് രൂക്ഷമായ ഭാഷയിലുള്ള ശബ്ദസന്ദേശം പങ്കുവെച്ചത്. “അവരൊക്കെ പാകിസ്ഥാനിലേക്ക് പോകേണ്ടതാണ്. ഇവിടെ ജീവിക്കാൻ അർഹതപ്പെട്ടവരല്ല” എന്നായിരുന്നു സന്ദേശത്തിലെ പരാമർശം. രാജ്യത്തെ ബഹുമാനിക്കാതെയാണ് കുട്ടികളെ വളർത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തതിൽ ഉണ്ടായ സാമ്പത്തിക നഷ്ടത്തിലും വിദ്യാർഥികളുടെ കുറവിലുമുള്ള പ്രതിഷേധമാണ് സന്ദേശത്തിന് പിന്നിലെന്നാണ് സൂചന. സംഭവം വിവാദമായതോടെ സ്കൂൾ ഉടമയുടെ പരാമർശത്തിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.