
പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസ്താവനയും പിന്നാലെ വിഷയത്തിൽ നടന്ന വാദപ്രതിവാദങ്ങളും മുന്നണിയിൽ വലിയ പ്രതിസന്ധിക്കിടയാക്കിയിരിക്കുന്ന ഘട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. ഇതിനായുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. പിണറായി വിജയൻ നടത്തിയ പ്രസ്താവന മുൻപുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിന്ന് വന്നതാണ്. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണ്. മുന്നണിയിലെ പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു.