കൊച്ചി: കാസർകോട് ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. അതേസമയം, അധ്യാപകനെതിരായ അച്ചടക്ക നടപടികളുമായി വിദ്യാഭ്യാസ വകുപ്പിന് മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് വിജു എബ്രഹാം വ്യക്തമാക്കി.
കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂളിലെ യു.പി.എസ്.ടി അധ്യാപകൻ ഗുരുപ്രസാദ് റായിയെയാണ് സസ്പെൻഡ് ചെയ്തത്. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിൽ നടന്ന ‘സോഷ്യൽ സയൻസ് ക്ലബ് ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ചോദ്യവും ഉത്തരവുമാണ് വിവാദമായത്. ‘ബ്രിട്ടിഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു ഉത്തരസൂചികയിൽ നൽകിയിരുന്നത്. സവർക്കറേക്കാൾ ദൈർഘ്യമേറിയ ജയിൽശിക്ഷ അനുഭവിച്ച നിരവധി സ്വാതന്ത്ര്യസമര സേനാനികൾ രാജ്യത്തുണ്ടെന്നും അംഗീകൃത സിലബസിനോ ഔദ്യോഗിക മാർഗനിർദേശങ്ങൾക്കോ നിരക്കാത്ത ചോദ്യവും ഉത്തരവുമാണ് ക്വിസിൽ ഉൾപ്പെടുത്തിയതെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
രാഷ്ട്രീയമോ ആശയപരമോ ആയ കാരണങ്ങളാലല്ല, ഔദ്യോഗിക കൃത്യവിലോപത്തിന്റെ പേരിലാണ് അധ്യാപകനെതിരെ നടപടിയെടുത്തതെന്നും സർക്കാർ വാദിച്ചു. എന്നാൽ ക്വിസ് മത്സരത്തിന്റെ ചോദ്യപേപ്പർ ഓഗസ്റ്റ് ഒന്നിന് തന്നെ അസിസ്റ്റന്റ് എജ്യുക്കേഷനൽ ഓഫിസർക്ക് ഇ-മെയിൽ വഴി അയച്ചിരുന്നുവെന്നും എ.ഇ.ഒയുടെ സമ്മതത്തോടും അംഗീകാരത്തോടുമാണ് ചോദ്യപേപ്പർ ഉപയോഗിച്ചതെന്നും ഗുരുപ്രസാദ് റായ് കോടതിയിൽ വാദിച്ചു. ചോദ്യപേപ്പർ പരിശോധിച്ച് അംഗീകാരം നൽകിയ ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി തനിക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും അധ്യാപകൻ ചൂണ്ടിക്കാട്ടി. ഇരുഭാഗത്തിന്റെയും വാദം പരിഗണിച്ച ശേഷമാണ് ഹൈക്കോടതി സസ്പെൻഷൻ നടപടി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. എന്നാൽ അച്ചടക്ക നടപടികളുമായി വിദ്യാഭ്യാസ വകുപ്പിന് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.