സുകുമാരക്കുറുപ്പ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു… ഒരു ദിവസം കൊണ്ട് മുളച്ചത് നിരവധി അക്കൗണ്ടുകൾ



തിരുവനന്തപുരം: കൊടുംകുറ്റവാളി സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച. ഇന്നലെ മാത്രം സുകുമാരക്കുറുപ്പിന്റെ പേരിൽ നിരവധി ഇൻസ്റ്റഗ്രാം പേജുകളും അക്കൗണ്ടുകളും ആരംഭിച്ചു. ഇതിന് പിന്നാലെ കുറുപ്പിന്റെ ചിത്രം ഉപയോഗിച്ചുള്ള എഐ നിർമിത ട്രോൾ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Geographic Reference

‘സുകുമാരക്കുറുപ്പ് അപ്‌ഡേറ്റ്സ്’ എന്ന പേരിൽ വാട്സ്ആപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. കുറുപ്പിന്റെ പുതിയ ചിത്രം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ഓണം ആഘോഷവും സദ്യയും ബിസിനസ് ജീവിതവുമെല്ലാം എഐയുടെ സഹായത്തോടെ ഭാവനാത്മകമായി അവതരിപ്പിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‘സുകുമാരക്കുറുപ്പ്’, ‘കുറുപ്പ് അപ്‌ഡേറ്റ്സ്’, ‘സുകുമാരക്കുറുപ്പ് ബ്രൂണെ’ തുടങ്ങിയ പേരുകളിലാണ് നിരവധി അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടത്. പുറത്തുവന്ന ചിത്രത്തിന്റെ വിവിധ എഐ വേർഷനുകളും ഡിപികളുമാണ് പല അക്കൗണ്ടുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഓണം ആഘോഷിക്കുന്നതും സദ്യ കഴിക്കുന്നതും പൂക്കളം ഒരുക്കുന്നതുമൊക്കെയായുള്ള എഐ ചിത്രങ്ങൾക്കൊപ്പം ദാവൂദ് ഇബ്രാഹിമിനൊപ്പം നിൽക്കുന്ന തരത്തിലുള്ള വ്യാജ എഐ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വാർത്താ റിപ്പോർട്ടുകൾക്ക് താഴെ കമന്റുകളായും നിരവധി ‘സുകുമാരക്കുറുപ്പ്’ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കുറുപ്പിനെ കണ്ടെന്ന അവകാശവാദങ്ങളുമായുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

എന്നാൽ, യാഥാർഥ്യവും എഐ സൃഷ്ടികളും തമ്മിൽ തിരിച്ചറിയാനാകാതെ ചിലർ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയും ഇതോടെ ഉയർന്നിട്ടുണ്ട്. വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന വാർത്തയ്ക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരം എഐ ഉള്ളടക്കങ്ങൾ വ്യാപകമായത്. ട്രോളുകളും എഐ ചിത്രങ്ങളും ചർച്ചയാകുമ്പോഴും, പതിറ്റാണ്ടുകളായി ഒളിവിൽ കഴിയുന്ന ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിനെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Previous Post Next Post