പ്രളയ ദുരിതാശ്വാസത്തിനിടെ വാഹനത്തിന് പിഴ… എംവിഡി ഉദ്യോഗസ്ഥന്….


പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ എംവിഡി സ്ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെതിരെയാണ് നടപടി. ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സസ്പെൻഷൻ.

അതേസമയം, പിഴ ചുമത്തിയത് ആറന്മുളയിലെ ദുരിതാശ്വാസ പ്രവർത്തനത്തിനിടെയല്ല, അടൂരിൽ നടത്തിയ പരിശോധനയ്ക്കിടെയാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ഓഫ് റോഡ് ജീപ്പിന്റെ മുൻവശത്ത് അനധികൃത ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതാണ് നടപടിക്ക് കാരണമായതെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ 5,200 രൂപ പിഴ ഈടാക്കിയതായും അധികൃതർ അറിയിച്ചു. എംഎൽഎയുടെ നിർദേശപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിഴത്തുക അടച്ചത്. പ്രളയബാധിതരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് വാഹനം ഉപയോഗിച്ചതെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മെഴുവേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. സംഭവം വിവാദമായതും വ്യാപക പ്രതിഷേധം ഉയർന്നതും പിന്നാലെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് തുടർനടപടികൾ സ്വീകരിച്ചത്

أحدث أقدم