
തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകൾ. തൂത്തുക്കുടിയിലാണ് പോസ്റ്റർ പതിച്ചത്. വിജയ് പ്രധാനമന്ത്രിയാകണമെന്ന പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്ക് പിന്നാലെയാണ് പുതിയ സംഭവം. ടിവികെ പ്രവർത്തകനായ സുധാകർ എന്നയാളാണ് പോസ്റ്ററുകൾ സ്ഥാപിച്ചത്. അടുത്തിടെ എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്നയാളാണ് സുധാകർ. വിജയിയുടെ ദേശീയ രാഷ്ട്രീയ സാധ്യതകളെക്കുറിച്ച് ടിവികെ നേതാക്കൾ ചർച്ചചെയ്യുന്നതിനിടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 2029ൽ പ്രധാനമന്ത്രി പദത്തിന് അർഹൻ ആരാണെന്ന തരത്തിൽ ഇന്ത്യ ടുഡേ നടത്തിയ സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലത്തിൽ വിജയ് മൂന്നാമതെത്തിയിരുന്നു.
തമിഴ്‌നാട് കായികമന്ത്രി ആധവ് അർജുന വിജയിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഏതാനും സംസ്ഥാനങ്ങൾ മാത്രം ചേർന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും ഭാവിയിൽ ദക്ഷിണേന്ത്യയിൽ നിന്ന് പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്ന്, ഒരു പ്രധാനമന്ത്രി ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന ടിവികെ നേതാവായ കെ.എ സെങ്കോട്ടയ്യൻ, വടക്കേ ഇന്ത്യയിലെ ജനങ്ങളും വിജയിയെ ഭാവി നേതാവായി സ്വീകരിക്കുമെന്ന് അവകാശപ്പെട്ടു. എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴ്‌നാടിനെ മാത്രമല്ല, ഭാവിയിൽ ഇന്ത്യയെ തന്നെയും നയിക്കാൻ കഴിയുന്ന നേതാവാണ് വിജയിയെന്നും അദ്ദേഹം പറഞ്ഞു.