അവർ വിശുദ്ധരല്ല… CJP സ്ഥാപകർക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന്…



കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിനിടെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. CJP സ്ഥാപകർ രാഷ്ട്രീയ മോഹങ്ങളില്ലാത്ത വിശുദ്ധരല്ലെന്നും അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും വാങ്ചുക് വ്യക്തമാക്കി. എന്നാൽ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിലായിരുന്നു വാങ്ചുകിന്റെ പ്രതികരണം. CJP സ്ഥാപകർ തങ്ങളുടേതായി രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് നേരിട്ട് തന്നോട് പറഞ്ഞിട്ടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ വിലയിരുത്തൽ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്ദറിലെ വിദ്യാർഥി സമരത്തിൽ പങ്കെടുക്കുന്നതിനിടെ CJP സ്ഥാപകനായ അഭിജീത് ദിപ്കെ നേരത്തെ ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലർ തന്നെ സമീപിച്ചിരുന്നുവെന്നും വാങ്ചുക് പറഞ്ഞു. എന്നാൽ ഒരാൾ മുൻപ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെങ്കിലും വിദ്യാർഥി സമരവേദി ഒരു രാഷ്ട്രീയ പാർട്ടിയുടെ അജണ്ടയ്ക്കായി ഉപയോഗിക്കരുതെന്ന് CJP നേതാക്കളോട് താൻ നിർദേശിച്ചിരുന്നതായും വാങ്ചുക് പറഞ്ഞു. സമരത്തെ രാഷ്ട്രീയനിരപേക്ഷവും നിഷ്പക്ഷവുമായ സമ്മർദശക്തിയായി നിലനിർത്തിയാൽ മാത്രമേ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകൂവെന്നും അദ്ദേഹം അവരോട് പറഞ്ഞിരുന്നു. ബി.ജെ.പി., കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വേദിയായല്ല, മറിച്ച് ഒരു വിദ്യാർഥി പ്രസ്ഥാനമായാണ് ജനങ്ങൾ സമരത്തെ കണ്ടതെന്നും അതിന് രാഷ്ട്രീയ നിറം നൽകരുതെന്നും വാങ്ചുക് വ്യക്തമാക്കി. CJP സ്ഥാപകർ ആ നിലപാട് പാലിച്ചതിൽ സന്തോഷമുണ്ടെന്നും ഇത്തരം ജനകീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

أحدث أقدم