റിയാദ്: - 1300 വർഷത്തിലേറെ പഴക്കമുള്ള പള്ളിയുടെ അവശിഷ്ടങ്ങൾ സൗദി അറേബ്യയിൽ കണ്ടെത്തി. ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിലെ പള്ളി നിർമാണരീതികളിലേക്കും ജീവിതത്തിലേക്കും വെളിച്ചം വീശുന്നതാണ് കണ്ടെത്തൽ. അൽബാഹ മേഖലയിലെ അൽഅഖീഖ് ഗവർണറേറ്റിലെ അൽമഅമല പുരാവസ്തു കേന്ദ്രത്തിൽ നടന്ന നാലാംഘട്ട ഖനനത്തിലാണ് പള്ളി കണ്ടെത്തിയത്.
വെട്ടിയൊരുക്കിയ ഗ്രാനൈറ്റ് കല്ലുകൾകൊണ്ട് നിർമിച്ച പള്ളിക്ക് 10 മീറ്റർ നീളവും 16 മീറ്റർ വീതിയുമുണ്ട്.
ചതുരാകൃതിയിലുള്ള മിനാരവും മിഹ്റാബും മൂന്നു പ്രവേശനകവാടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലാണ് കവാടങ്ങൾ. എട്ട് സേവനമുറികളുമായി പള്ളി ബന്ധിപ്പിച്ച നിലയിലാണ്.
ചുവരുകളിൽനിന്ന് പുരാതന ഇസ്ലാമിക ലിഖിതങ്ങളും കണ്ടെത്തി. ഖിബ്ലാ ചുവരിലും പുറംചുവരിലുമായി ഖുർആൻ വചനങ്ങളും മറ്റ് ലിഖിതങ്ങളുമുണ്ട്. പ്രവാചകൻ മുഹമ്മദ് നബിക്കുവേണ്ടിയുള്ള പുരാതന പ്രാർഥനയും ഖിബ്ലാ ചുവരിൽ കണ്ടെത്തിയിട്ടുണ്ട്. അൽബാഹയിലെ ആദ്യകാല ഇസ്ലാമിക സമൂഹത്തിന്റെ വിശ്വാസവും വാസ്തുവിദ്യയും മനസ്സിലാക്കാൻ കണ്ടെത്തൽ നിർണായകമാകുമെന്നാണ് പുരാവസ്‌തു ഗവേഷകരുടെ വിലയിരുത്തൽ.
അകത്തെ ചുവരുകളിൽ പഴയ ജിപ്സം പ്ലാസ്‌റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അൽബാഹയിലെ ആദ്യകാല ഇസ്ലാമിക സമൂഹത്തിന്റെ വിശ്വാസവും പള്ളി നിർമാണരീതികളും മനസ്സിലാക്കാൻ സഹായിക്കുന്ന സുപ്രധാന കണ്ടെത്തലാണിതെന്ന് പുരാവസ്തു ഗവേഷകർ പറഞ്ഞു.
കഴിഞ്ഞ ജൂണിലും സൗദിയിൽ ശ്രദ്ധേയമായ പുരാവസ്തു കണ്ടെത്തലുണ്ടായിരുന്നു. മദീന മേഖലയിലെ അൽമഹ്ദിൽ നടത്തിയ ഖനനത്തിൽ രണ്ടാം ഖലീഫ ഉമർ ഇബ്നുൽ ഖത്താബിന്റെ പേര് ഉൾപ്പെട്ട അപൂർവ ശിലാലിഖിതമടക്കം 1,774 പുരാവസ്തുക്കളാണ് കണ്ടെത്തിയത്.