
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം തയ്യാറായി. കേസിൽ ഉൾപ്പെട്ട 28 പ്രതികളിൽ 27 പേർക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം തുടർ നിയമോപദേശത്തിനായി ഉടൻ സമർപ്പിക്കും. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന സിപിഎം പ്രവർത്തകൻ പാളയം സന്തോഷിനെ തൽക്കാലം ഒഴിവാക്കിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. സന്തോഷ് വിദേശത്തേക്ക് കടന്നതായി നേരത്തെ പൊലീസ് അറിയിച്ചിരുന്നു.
കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് രണ്ടാം കുറ്റപത്രം പ്രത്യേകം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കളെ അന്വേഷണ സംഘം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പരിശോധനയ്ക്കായി എത്തിയ ഇഡി ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും അവരുടെ വാഹനങ്ങൾ തടഞ്ഞുനിർത്തി ആക്രമിച്ചെന്നുമാണ് കേസ്. പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു