വിൽറ്റ് ഷെയർ/തൃശൂർ സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിൽറ്റ് ഷെയർ കൗണ്ടിയിലെ വാർമിൻറിൽ തൃശൂർ ഇരിങ്ങാലക്കുട കാഞ്ഞിരത്തിങ്കൽ സേവ്യർ ലോനപ്പൻ (44) അന്തരിച്ചു. ഭാര്യ: നിജാ ജോസ്. മക്കൾ: ജോഷ്വാ സേവ്യർ (12), ജെറോം സേവ്യർ (5), ജെയ്റോ സേവ്യർ (3). ഏകദേശം മൂന്ന് വർഷം മുൻപാണ് സേവ്യർ മക്കളോടൊപ്പം ഡിപ്പെൻഡന്റ് വീസയിൽ യുകെയിലെത്തിയത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെയായിരുന്നു സേവ്യറും ജോലി ചെയ്തിരുന്നത്.
ഇന്നലെ രാവിലെ ഡേ ഷിഫ്റ്റിന് ജോലിക്ക് പോകേണ്ടിയിരുന്ന സേവ്യർ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് മക്കൾ പിതാവിനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഉണരാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് സേവ്യറിനെ അനക്കമറ്റ നിലയിൽ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അയൽവാസികളെ വിളിച്ചുവരുത്തുകയും യുകെയിലെ മെഡിക്കൽ എമർജൻസി സംഘത്തിന്റെ സഹായം തേടുകയും ചെയ്‌തു. മെഡിക്കൽ സംഘം സ്ഥലത്തെത്തിയ ഉടൻ പരിശോധന നടത്തിയെങ്കിലും സേവ്യർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
സംഭവസമയത്ത് ഭാര്യ നിജാ ജോസ് ഡ്യൂട്ടിയിലായിരുന്നു. രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ കിടന്ന സേവ്യറിന് ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ലിങ്കൺഷെയറിൽ താമസിക്കുന്ന സേവ്യറിന്റെ സഹോദരി സിജി ലോനപ്പനും ഭർത്താവ് ഷാജിൽ പൗലോസും വാർമിൻറിൽ എത്തി. സേവ്യറിന്റെ മറ്റൊരു സഹോദരി: സിനി ചാക്കപ്പൻ (ഇരിങ്ങാലക്കുട). സേവ്യറിന്റെ മറ്റൊരു സഹോദരി: സിനി ചാക്കപ്പൻ (ഇരിങ്ങാലക്കുട). സേവ്യറിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.