റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി വില 300 രൂപ കടക്കുമെന്ന പ്രതീക്ഷയ്ക്കിടെ കർഷകരിൽ ആശങ്ക സൃഷ്ടിക്കാൻ ശ്രമം


കോട്ടയം: റബർ ബോർഡിനെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടക്കുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ കർഷകരും പൊതുസമൂഹവും തള്ളിക്കളയുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു.

റബർ വില 300 രൂപ കടന്ന് ഉയരുമെന്ന പ്രതീക്ഷ വിപണിയിൽ ശക്തമാകുന്നതിനിടെയാണ് കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രചാരണങ്ങളും നടക്കുന്നത്. റബർ വില താഴ്ത്താനുള്ള ശ്രമങ്ങളിൽ ബോർഡ് ഉദ്യോഗസ്ഥർ പങ്കാളികളാണെന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനയുടെ ചുമതലയുള്ളവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 *പഴയ വസ്തുതാ വിരുദ്ധ ആരോപണങ്ങളുടെ തുടർച്ച

റബർ ബോർഡ് നിർത്തലാക്കുമെന്നും കേരളത്തിൽനിന്ന് മാറ്റുമെന്നും നേരത്തെ പ്രചരിപ്പിച്ച ആരോപണങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ പ്രചാരണങ്ങളെയും കാണേണ്ടത്. ബോർഡിന്റെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഇത്തരം പ്രചാരണങ്ങൾ റബർ കർഷകരുടെ താൽപര്യത്തിന് ഗുണകരമല്ലെന്നും എൻ. ഹരി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴയെ തുടർന്ന് ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ റബർ വില താഴ്ത്തുന്നതിനായി ചിലർ സന്ദേശങ്ങളിലൂടെ വിപണിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും ഇതിന് ബോർഡ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നുമാണ് ആരോപണം. എന്നാൽ രാജ്യത്തെ റബർ ഉൽപാദനത്തിൽ കേരളത്തിന്റെ വിഹിതം 72 ശതമാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിഹിതം 12 ശതമാനം മാത്രമാണ്. അതിനാൽ രാജ്യത്തെ റബർ വിപണിയിലെ വിലനിലവാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് കേരളത്തിലെ ഉൽപാദന സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 *കർഷക താൽപര്യത്തിന് മുൻഗണന

റബർ കർഷകരെയും മേഖലയെയും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളും പരിപാടികളുമായി ബോർഡ് മുന്നോട്ടുപോകുകയാണ്. കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനും റബർ മേഖലയിലെ വികസനത്തിനും ആവശ്യമായ ഇടപെടലുകൾ തുടരും.

കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ബോർഡ് നടത്തിവരുന്ന സാഹചര്യത്തിൽ ബോർഡിനെയും ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ നടത്തുന്നത് കർഷക താൽപര്യത്തിന് വിരുദ്ധമാണെന്നും എൻ. ഹരി പറഞ്ഞു.
أحدث أقدم