അഞ്ചുഘട്ട ‘പരീക്ഷ’ കഴിഞ്ഞു; ഇനി തീവ്രപരിശീലനം; 30,000 പേരുമായി ബി.ജെ.പിയുടെ സംഘടനാ ക്ലാസ്



തിരുവനന്തപുരം: അംഗത്വം നിലനിർത്താനുള്ള അഞ്ചുഘട്ട പരീക്ഷയ്ക്ക് പിന്നാലെ ബി.ജെ.പിയിൽ നേതാക്കൾക്കും പ്രവർത്തകർക്കുമായി ഇനി തീവ്രപരിശീലന ഘട്ടം. സംഘടനയെക്കുറിച്ചുള്ള അറിവ് പരിശോധിച്ച പരീക്ഷ പൂർത്തിയാക്കിയതിന് പിന്നാലെയാണ് നിയോജകമണ്ഡലം, ജില്ലാതല നേതാക്കൾക്കായി പ്രത്യേക പരിശീലനപരിപാടികൾ ആരംഭിച്ചത്.

പരീക്ഷയുടെ ഓരോ ഘട്ടത്തിലും അഞ്ച് ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടിയിരുന്നത്. ആദ്യഘട്ടങ്ങളിലൊന്നിൽ പരാജയപ്പെട്ടാൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. പരാജയപ്പെട്ട ഘട്ടം വീണ്ടും എഴുതി വിജയിച്ച ശേഷമാണ് പലരും അന്തിമഘട്ടത്തിലെത്തിയത്.

സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു പരീക്ഷയിലെ പ്രധാന ചോദ്യങ്ങൾ. പുതുതലമുറയിലെ പ്രവർത്തകരിൽ പലർക്കും അഞ്ചുഘട്ടവും ഒറ്റയടിക്ക് പൂർത്തിയാക്കാനായില്ലെന്നാണ് വിവരം. അതേസമയം, ദീർഘകാലമായി സംഘടനയിൽ പ്രവർത്തിക്കുന്നവർ വേഗത്തിൽ പരീക്ഷ പൂർത്തിയാക്കി. ദേശീയ അധ്യക്ഷൻ മുതൽ താഴെത്തട്ടിലെ പ്രവർത്തകർവരെ പരീക്ഷയിൽ പങ്കെടുത്തു. എന്നാൽ എല്ലാ അംഗങ്ങളും പരീക്ഷയെഴുതിയിട്ടില്ല. പരീക്ഷയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഇവരുടെ പാർട്ടി അംഗത്വം നഷ്ടമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷയ്ക്ക് പിന്നാലെ സംസ്ഥാനത്ത് സംഘടനാ പരിശീലനത്തിനാണ് ബി.ജെ.പി. ഊന്നൽ നൽകുന്നത്. ഏകദേശം 30,000 പേരാണ് ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുത്തത്. നിയോജകമണ്ഡലം പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ജില്ലകളിൽനിന്നുള്ള സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, വിവിധ മോർച്ചകളുടെ ഭാരവാഹികൾ എന്നിവരാണ് ഇപ്പോൾ നടക്കുന്ന ജില്ലാതല തീവ്രപരിശീലനത്തിൽ പങ്കെടുക്കുന്നത്.

സംഘടനയുടെ ചരിത്രം, അടിസ്ഥാന ആശയം, പ്രത്യയശാസ്ത്രം, മാധ്യമ ഇടപെടൽ, സാമൂഹികമാധ്യമ പ്രവർത്തനം എന്നിവ ഉൾപ്പെടെ 14 വിഷയങ്ങളിലാണ് പരിശീലനം. സംഘടനാ നേതാക്കൾക്കു പുറമേ വിവിധ മേഖലകളിലെ വിഷയവിദഗ്ധരും ക്ലാസുകൾ നയിക്കും. സംസ്ഥാനത്തെ 30 സംഘടനാ ജില്ലകളിലെയും പരിശീലനം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജനറൽ സെക്രട്ടറി എം.ടി. രമേശിനാണ് പരിശീലനത്തിന്റെ ചുമതല.
أحدث أقدم