
തിരുവനന്തപുരം: ജ്വല്ലറിയിൽ മുക്കുപണ്ടം നൽകി സ്വർണമോതിരം തട്ടിയെടുക്കാൻ ശ്രമിച്ചയാളെ കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. കരമന തളിയൽ സ്വദേശി ബിജുകുമാർ (56) ആണ് പിടിയിലായത്. മുൻ കെഎസ്ആർടിസി ഡ്രൈവറാണ് ഇയാൾ. കാട്ടാക്കടയിലെ കൃഷ്ണ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാവിലെ പത്തോടെയാണ് സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ബിജുകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കടയുടമ ഇയാളെ നിരീക്ഷിച്ചു.
കടയിലെ സ്വർണമോതിരങ്ങൾ നോക്കിയ ശേഷം ജീവനക്കാരൻ വില കണക്കാക്കുന്നതിനിടെ, കൈവശമുണ്ടായിരുന്ന ഗോൾഡ് കവറിങ് മോതിരം പകരം വച്ച് സ്വർണമോതിരം കൈക്കലാക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ചെറിയ തുകയുടെ കുറവുണ്ടെന്നും പിന്നീട് വാങ്ങാമെന്നും പറഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ കടയുടമ ജ്വല്ലറിയുടെ ഗ്ലാസ് ഡോർ അടച്ച് ഇയാളെ തടഞ്ഞു. പരിശോധിച്ചപ്പോൾ പകരം വച്ചത് മുക്കുപണ്ടമാണെന്ന് വ്യക്തമായി. തുടർന്ന് ജീവനക്കാരും കടയുടമയും സമീപത്തുണ്ടായിരുന്നവരും ചേർന്ന് ഇയാളെ തടഞ്ഞുവച്ച് കാട്ടാക്കട പൊലീസിന് കൈമാറുകയായിരുന്നു. കാട്ടാക്കട പൊലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.