
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ഇന്ന് വൈകിട്ട് 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയത്ത് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഉയർന്ന ഉപഭോഗവും വൈദ്യുതി ലഭ്യതയിലെ കുറവുമാണ് നിയന്ത്രണത്തിന് കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിക്കാൻ കാരണമായിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവുണ്ടായി.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണമായി പരിഹരിക്കാത്ത സാഹചര്യവും തുടരുകയാണ്. ഇതിനുപുറമെ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലും അപ്രതീക്ഷിത കുറവുണ്ടായിട്ടുണ്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത മുൻകാല സെപ്റ്റംബർ മാസങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് രാജ്യത്താകമാനം ഉയർന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലും പീക്ക് സമയത്തെ ഉപഭോഗം 800 മുതൽ 900 മെഗാവാട്ട് വരെ വർധിച്ചിട്ടുണ്ട്. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉപഭോഗം ഉയർന്നതോടെ സമാനമായ അളവിൽ വൈദ്യുതി ലഭ്യതക്കുറവും നേരിടേണ്ടി വന്നേക്കും. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാലാണ് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു