
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ എക്സൈസ് റേഞ്ച് വിഭാഗം നടത്തിയ പരിശോധനയിൽ 6 കിലോയിലേറെ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിനി ലൈല കാത്തൂണാണ് പിടിയിലായത്.
സംശയകരമായ സാഹചര്യത്തിൽ കണ്ട ലൈല കാത്തൂണിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു. ഇത്തരത്തിൽ കഞ്ചാവ് എത്തിച്ച് പ്രധാന വിതരണക്കാർക്ക് കൈമാറുകയാണ് ചെയ്തിരുന്നതെന്നും ഓരോ തവണയും കഞ്ചാവ് എത്തിച്ചുനൽകിയാൽ ഏകദേശം 10,000 രൂപ ലഭിക്കുമായിരുന്നുവെന്നും പ്രതി മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു.
കഞ്ചാവ് കൈമാറുന്ന ശൃംഖലയിലെ പ്രധാനികളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കുമെന്നും കോഴിക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രഹ്ലാദൻ അറിയിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളും കോഴിക്കോട് എക്സൈസ് റേഞ്ച് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.