
വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. കേസിലെ പ്രതിയായ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ ഒളിവിലാണെന്നും ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്നത്. ജൂൺ 26ന് ഇവ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് സെപ്റ്റംബർ പത്തിന് മുറി വൃത്തിയാക്കുന്നതിനായി തുറന്നപ്പോഴാണ് തൊണ്ടിമുതൽ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. സ്റ്റോർ റൂമിന്റെ പൂട്ട് തകർത്തതിന്റെ ലക്ഷണങ്ങളില്ലെന്നാണ് എഫ്ഐആറിലെ പരാമർശം. താക്കോൽ കൈക്കലാക്കി മുറി തുറന്നാണ് തൊണ്ടിമുതൽ കടത്തിയതെന്നാണ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം. സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സബിത്തിനെതിരെയാണ് അന്വേഷണം നീളുന്നത്.
സംഭവത്തിന് പിന്നാലെ സബിത്ത് ഒളിവിൽ പോയി. ഇയാളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. അതേസമയം, മോഷ്ടിക്കപ്പെട്ട ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും അന്വേഷണം തുടരുന്നു. സംഭവത്തിൽ ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളും സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.