
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിലെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് പിഎസ്‌സി അംഗങ്ങളുടെ കത്ത് എസ്‌ഐടിക്ക്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അംഗങ്ങൾ അന്വേഷണ സംഘത്തിന് കത്തയച്ചത്. അന്വേഷണവുമായി സഹകരിക്കാമെന്നും മൊഴി രേഖപ്പെടുത്താൻ പിഎസ്‌സി ഓഫീസിലേക്ക് എത്തണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിനാണ് കത്ത് നൽകിയത്.
പിഎസ്‌സി ഭരണഘടനാ സ്ഥാപനമാണെന്നും അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടി നേരത്തെയും അന്വേഷണ സംഘത്തിന് കത്ത് നൽകിയിരുന്നു. പിഎസ്‌സി ആസ്ഥാനത്ത് അംഗങ്ങളുടെ മുറിയിലെത്തി മൊഴിയെടുക്കാമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ആവശ്യം ക്രൈംബ്രാഞ്ച് തള്ളുകയായിരുന്നു. പിഎസ്‌സി അംഗങ്ങൾക്ക് ചോദ്യം ചെയ്യലിൽ പ്രത്യേക നിയമപരിരക്ഷയില്ലെന്നും നിശ്ചയിച്ച സമയത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ ഹാജരാകണമെന്നുമാണ് എസ്‌ഐടി നിലപാട്. പരീക്ഷാ ക്രമക്കേട് കേസിൽ അംഗങ്ങളുടെ മൊഴിയെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് അന്വേഷണ സംഘം.
അതേസമയം, ചോദ്യം ചെയ്യൽ എവിടെ നടത്തണമെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനമെടുക്കേണ്ടതെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ഉന്നതതലത്തിലേക്ക് നീങ്ങുന്നതിനിടെയാണ് പിഎസ്‌സി അംഗങ്ങളും അന്വേഷണ സംഘവും തമ്മിലുള്ള നിലപാട് വ്യത്യാസം പുറത്തുവരുന്നത്.