അടച്ചിട്ട വീട്ടിൽ വൻ നിയമവിരുദ്ധ ഇടപാടുകൾ ; പോലീസും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ 70 തോക്കിൻതിരകളും 63 കുപ്പി വിദേശമദ്യവും പിടികൂടി !!





സംഭവവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്ന കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വീട്ടുടമയുടെ മകന്‍ വാടകയ്ക്ക് നല്‍കിയതായി പറയുന്ന അടച്ചിട്ട വീട് കേന്ദ്രീകരിച്ച് അസ്വഭാവികമായ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് റേഞ്ച് സംഘവും താമരശ്ശേരി പോലീസും സംയുക്തമായി റെയ്ഡ് നടത്തിയത്. വീട്ടിനുള്ളില്‍ തിരച്ചില്‍ നടത്തിയ അന്വേഷണസംഘം ഞെട്ടിക്കുന്ന കാഴ്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്.

വന്‍ വിദേശമദ്യ ശേഖരത്തിനൊപ്പം എംപാനല്‍ ഷൂട്ടര്‍മാര്‍ വലിയ തോക്കുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള 70 വെടിയുണ്ടകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാല്‍, പരിശോധനയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയെങ്കിലും ഇവ ഉപയോഗിക്കാനുള്ള തോക്ക് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനു പിന്നില്‍ വേറെ ഏതെങ്കിലും വന്‍ തോക്ക്-വേട്ട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ പോലീസും എക്‌സൈസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പിടിച്ചെടുത്ത വിദേശമദ്യത്തിന്റെ ഉറവിടത്തെക്കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണ്. സംഭവത്തിന് പിന്നില്‍ വന്യമൃഗ വേട്ട സംഘങ്ങളാണോ അതോ മറ്റ് രാഷ്ട്രീയ-ക്രിമിനല്‍ നെറ്റ്വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് പോലീസ് സൂക്ഷ്മമായി പരിശോധിക്കുകയാണ്.

വലിയ തോക്കുകളിൽ ഉപയോഗിക്കാന്‍ ശേഷിയുള്ള വെടിയുണ്ടകള്‍ കണ്ടെത്തിയതോടെ മേഖലയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ പ്രദേശത്തെ അനധികൃത മദ്യ-ആയുധ മാഫിയകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും എന്ന് പോലീസ് അറിയിച്ചു.

 
أحدث أقدم