
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകാതെ നിയന്ത്രണം തുടരുന്നു. ഉയർന്ന വൈദ്യുതി ഉപയോഗവും ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റിലെത്തി. പീക്ക് സമയത്ത് 4785 മെഗാവാട്ട് വൈദ്യുതി ആവശ്യമായി വന്നതായാണ് റിപ്പോർട്ട്.
ഇന്ന് ഏകദേശം 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. അവധി ദിവസമായതിനാൽ വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയും കെഎസ്ഇബിക്കുണ്ട്. കേരളത്തിന് പുറത്തുനിന്ന് ഉൾപ്പെടെ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതും ദേശീയ ഗ്രിഡിലെ ലഭ്യതക്കുറവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്
ഉയർന്ന താപനിലയെ തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സാധാരണ സെപ്റ്റംബർ മാസത്തേക്കാൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. അതേസമയം, രാജ്യത്തെ ചില താപവൈദ്യുത നിലയങ്ങളിലെ ഉൽപാദനക്കുറവും കാറ്റാടി നിലയങ്ങളിൽ നിന്നുള്ള കുറഞ്ഞ ഉൽപാദനവും വൈദ്യുതി ലഭ്യതയെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ വിവിധ മാർഗങ്ങൾ തേടുന്നതിനിടെയാണ് നിയന്ത്രണം തുടരുന്നത്. ഈ മാസം മുഴുവൻ നിയന്ത്രണം തുടരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്