കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു





ജമ്മു കാശ്മീരിലെ കത്വയിൽ സഹപ്രവർത്തകർക്ക് നേരെ സിഐഎസ്എഫ് ജവാൻ നടത്തിയ വെടിവയ്പിൽ നാല് സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കത്വയിലെ സേവ 2 ജലവൈദ്യുത പദ്ധതി ക്യാമ്പിൽ സെപ്റ്റംബർ 29നാണ് വെടിവയ്പുണ്ടായത്. സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന സിഐഎസ്എഫ് ജവാന്മാർക്കിടയിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. ഡ്യൂട്ടി മാറ്റത്തിനിടയിലാണ് സംഭവം. അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡേ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾ സഞ്ജീവ് കുമാർ, കോൺസ്റ്റബിൾ മുഹമ്മദ് റഫീഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. എന്ത് കാരണത്താലാണ് ജവാന്മാർക്കിടയിൽ തർക്കമുണ്ടായതെന്നോ വെടിവെപ്പിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നോ വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും കാരണം കണ്ടെത്തുന്നതിനുമായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശ് അതിർത്തിക്ക് സമീപമുള്ള ബഷോളി താലൂക്കിലാണ് സേവ 2 ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയുമായി അതിർത്തി പങ്കിടുന്നതാണ്.


Previous Post Next Post