വടകര ലഹരിക്കേസ്: അധ്യാപിക കീർത്തനയ്ക്ക് ജാമ്യം..


വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ അന്വേഷണം ഏതാണ്ട് പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കീർത്തനയ്ക്ക് മുൻ ക്രിമിനൽ കേസുകളൊന്നുമില്ലെന്നതും കോടതി പരിഗണിച്ചു. അന്വേഷണവുമായി പ്രതി പൂർണമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുകളിൽ ഇടപെടുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും ജാമ്യവ്യവസ്ഥയിൽ നിർദേശമുണ്ട്.

അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപാരം നടത്തിയെന്ന ആരോപണമാണ് വടകര എംഡിഎംഎ കേസിന് പിന്നിൽ. കഴിഞ്ഞ മാസം 28ന് വടകര സ്വദേശിയെ പിടികൂടിയതോടെയാണ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണമാണ് അധ്യാപികമാരിലേക്കും എത്തിയത്.
Previous Post Next Post