പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി പിന്നാലെ കേരളത്തിലേക്ക്…



തിരുവനന്തപുരം: പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയശേഷം കേരളത്തിലേക്ക് കടന്ന ഇതര സംസ്ഥാന തൊഴിലാളിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി പ്രശത്ത് ജിത്ത് ദാസ് (27) ആണ് നാടകീയമായി പിടിയിലായത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യം പൊലീസ് പ്രതിയെ പിടികൂടിയത്. ഓഗസ്റ്റ് മൂന്നിന് പശ്ചിമബംഗാളിലെ അലിപുർദാർ ജില്ലയിലാണ് കൊലപാതകം നടന്നത്.

Geographic Reference

പ്രശത്ത് ജിത്ത് ദാസിന്റെ മാതാപിതാക്കളായ സഞ്ജയ് ദാസും ഉഷാറാണിയും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് കൊലപാതകം നടന്നത്. വാക്കേറ്റത്തിനിടെ ഉഷാറാണി സഞ്ജയ് ദാസിന്റെ തലയ്ക്ക് അടിച്ചു. ഇത് കണ്ട് സ്ഥലത്തെത്തിയ മകൻ പ്രശത്ത് ജിത്ത് ദാസ് തടിക്കഷണം ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് നിലത്തുവീണ സഞ്ജയ് ദാസ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ ഫലാക്കാട്ട പൊലീസ് ഉഷാറാണിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രശത്ത് ജിത്ത് ദാസ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. നേരത്തെ ശ്രീകാര്യത്ത് ജോലി ചെയ്തിരുന്ന പ്രതി പിന്നീട് കേരളത്തിലേക്ക് എത്തുകയായിരുന്നു. പ്രതി കേരളത്തിലേക്ക് രക്ഷപ്പെട്ടതായി ഫലാക്കാട്ട പൊലീസ് ശ്രീകാര്യം പൊലീസിന് വിവരം നൽകിയിരുന്നു.

പ്രതിയുടെ ചിത്രങ്ങളും വീഡിയോയും സഹിതമാണ് വിവരങ്ങൾ കൈമാറിയത്. ഇന്നലെ രാത്രി ഇയാൾ ശ്രീകാര്യത്ത് എത്തിയതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് താമസിച്ചിരുന്ന സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും അതിനകം പ്രതി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് മഫ്തിയിലെത്തിയ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. പശ്ചിമബംഗാൾ പൊലീസ് കേരളത്തിലെത്തി പ്രതിയെ ഏറ്റുവാങ്ങുമെന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ എസ്.വൈ. സുരേഷ് അറിയിച്ചു. തുടർനടപടികൾക്ക് ശേഷം പ്രതിയെ പശ്ചിമബംഗാൾ പൊലീസിന് കൈമാറും.

Previous Post Next Post