വിമാനയാത്രയ്ക്കിടെ ലഹരിവസ്തു ഉപയോഗം… എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി

 

        

ന്യൂഡൽഹി: ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് സുദീപ് വസിഷ്ഠയെ സർവീസിൽ നിന്ന് പുറത്താക്കി എയർ ഇന്ത്യ. പരിശോധനയിൽ മാനസികനിലയെ ബാധിക്കുന്ന ലഹരിവസ്തു (psychoactive substance) ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഓഗസ്റ്റ് നാലിനാണ് എയർ ഇന്ത്യയുടെ ഫുക്കറ്റ്-ഡൽഹി വിമാനമായ AI2379 ഏകദേശം 300 അടി താഴേക്ക് പതിച്ചത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.

എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രാഥമിക റിപ്പോർട്ട് പ്രകാരം, 145 യാത്രക്കാരുമായി 36,000 അടി ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഏതാണ്ട് ഒരേസമയം പ്രവർത്തനരഹിതമായിരുന്നു. സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പൈലറ്റ്-ഇൻ-കമാൻഡ് സുദീപ് വസിഷ്ഠ ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ സർവീസിൽ നിന്ന് പുറത്താക്കിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് എയർ ഇന്ത്യയുടെ ഏറ്റവും വലിയ മുൻഗണനയെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും കമ്പനി അറിയിച്ചു.

Previous Post Next Post