മാവേലിക്കരയിൽ… പഞ്ചായത്ത്‌ മെമ്പറെ വെട്ടിപരിക്കേൽപ്പിച്ച പ്രതികൾക്ക് കഠിന തടവ്….



മാവേലിക്കര- കനാലിലെ വെള്ളം തുറന്നുവിടാതിരുന്നത് ചോദ്യം ചെയ്ത ചെന്നിത്തല ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് 7 വർഷം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതികളായ മഞ്ഞ എന്ന് വിളിക്കുന്ന രമണൻ (53), ഷിന്റോ ബാബു (42), ജയചന്ദ്രൻ (42), രാജീവ് (39) എന്നിവരാണ് മുൻ പഞ്ചായത്ത് അംഗമായിരുന്ന ഗോപാലകൃഷ്ണനെ തടഞ്ഞുനിർത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലിൽ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തത്. ഗോപാലകൃഷ്ണന്റെ കണങ്കാൽ അറ്റും അസ്ഥി ഓടിഞ്ഞും ഗുരുതരമായ പരിക്കേറ്റിരുന്നു.

2019 മാർച്ച് 17ന് ഉച്ചയ്ക്ക് 2.30ഓടെ ചെറുതന വില്ലേജിലെ മുണ്ടോലിക്കാവിന് സമീപം പമ്പാ ഇറിഗേഷൻ പ്രോജക്റ്റിൻ്റെ സബ് കനാൽ ചിപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. പഞ്ചായത്ത്‌ തീരുമാനം അവഗണിച്ച് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പ്രതികൾ അടച്ചിരുന്നു. ഇത് തുറന്നുനൽകണമെന്ന് വാർഡ് മെമ്പറായ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടതാണ്  ആക്രമണത്തിന് കാരണമായത്. മാന്നാര്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മാവേലിക്കര
അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജി പൂജ പി.പി ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി മാവേലിക്കര അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.സജി കുമാർ ഹാജരായി. മാന്നാര്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.മഹേഷ് രജിസ്റ്റ‌ര്‍ ചെയ്ത കേസ്സില്‍  പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് മാത്യു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. എസ്.സി.പി.ഓ സുരേഷ് ബാബു പ്രോസിക്യൂഷന്‍ നടപടികള്‍
ഏകോപിപ്പിച്ചു.

أحدث أقدم