ബാറിലെ ഷെയറിനെ ചൊല്ലി തർക്കം… സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന്…


തിരുവല്ല: തിരുവല്ല പുളിക്കീഴിലെ ബാറിൽ നടന്ന സംഘർഷത്തിൽ യുവാവിന്റെ കഴുത്തിന് ഗുരുതര പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കടപ്ര നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാറിന് (36) പരുക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ അരുൺകുമാറിന്റെ സുഹൃത്തും പ്രതിയുമായ നിരണം ലക്ഷ്മി വിലാസത്തിൽ സജിത്തിനെ (39) വ്യാഴാഴ്ച രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വൈകിട്ട് അഞ്ചുമണിയോടെ പ്രതിയായ സജിത്തിന്റെ ഓട്ടോറിക്ഷയിൽ അരുൺകുമാറും മറ്റൊരു സുഹൃത്തും ചേർന്ന് ബാറിലെത്തുകയായിരുന്നു. മദ്യപാനത്തിന് ശേഷം ബാറിന് പുറത്തുവച്ച് മൂവരും തമ്മിൽ ഷെയറിനെ ചൊല്ലി വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ കൈയിലുണ്ടായിരുന്ന ഒഴിഞ്ഞ ബിയർ കുപ്പി ഉപയോഗിച്ച് സജിത്ത് അരുൺകുമാറിന്റെ പിൻകഴുത്തിൽ അടിക്കുകയായിരുന്നു. അടിയേറ്റ് കുപ്പി പൊട്ടിച്ചിതറിയതോടെ ചില്ലുകൾ കഴുത്തിൽ തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിനിടെ സജിത്തിന്റെ വലതുകൈയിലെ ചൂണ്ടുവിരലിനും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റ അരുൺകുമാറിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് സജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
Previous Post Next Post